എസ്ബിഐ, പി.എൻ.ബി ബാങ്കുകൾക്കെതിരായ ഉത്തരവുകൾ മരവിപ്പിച്ച് കർണാടക സർക്കാർ, പ്രശ്നം പരിഹരിക്കാൻ 15 ദിവസത്തെ സമയം വേണമെന്ന് ബാങ്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നീ ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിന് മരവിപ്പിച്ച് കർണാടക സർക്കാർ. ഉത്തരവ് 15 ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചത്. ബുധനാഴ്ച കർണാടക സർക്കാർ എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ അക്കൗണ്ടുകൾ അവസാനിപ്പിക്കാനും നിക്ഷേപങ്ങൾ പിൻവലിക്കാനും നിർദേശിച്ചിരുന്നു.
പ്രശ്നം പരിഹരിക്കാൻ 15 ദിവസത്തെ സമയം ആവശ്യപ്പെട്ട് രണ്ട് ബാങ്കുകളും സർക്കാരിനെ സമീപിച്ചിരുന്നു. ഉന്നത ബാങ്ക് ഉദ്യോഗസ്ഥർ ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് സർക്കുലർ 15 ദിവസത്തേക്ക് മരവിപ്പിക്കാൻ മുഖ്യമന്ത്രി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് സംസ്ഥാന ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് സർക്കാർ നിക്ഷേപം ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ തട്ടിയതായി ആരോപണം ഉയർന്നിട്ടുണ്ട്. കേസ് കോടതിയിലാണെന്നും പണം ബാങ്ക് തിരിച്ചടച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.