കേരളത്തിന്റെ വിട; കവിയൂർ പൊന്നമ്മയുടെ ഭൗതികശരീരം സംസ്കരിച്ചു
മലയാളത്തിൻ്റെ പൊന്നമ്മയ്ക്ക് വിട. കവിയൂർ പൊന്നമ്മയുടെ ഭൗതികശരീരം ആലുവയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ്. പത്തനംതിട്ടയിലെ കവിയൂരിൽ 1945 ലാണ് ജനനം. ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂർ രേണുക ഇളയസഹോദരിയാണ്.
സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ പിന്നീട് എൽ.പി.ആർ. വർമയുടേ ശിക്ഷണത്തിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്‌മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പതിനാലാമത്തെ വയസ്സിൽ അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി.
1962 ൽ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്.
1963 ൽ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീർഥയാത്ര, ധർമയുദ്ധം, ഇളക്കങ്ങൾ, ചിരിയോ ചിരി, കാക്കക്കുയിൽ തുടങ്ങി എട്ടോളം സിനിമകളിൽ പാട്ടുപിടിയിട്ടുണ്ട്. 1999 മുതൽ ടെലിവിഷൻ രംഗത്ത് സജീവമാണ്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ടെലിവിഷൻ ചാനലുകളിൽ ഒട്ടേറെ പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്.
ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്‌കാരങ്ങൾ 1971,1972,1973,1994 എന്നീ വർഷങ്ങളിൽ നാല് തവണ ലഭിച്ചു. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി.
സിനിമാ നിർമാതാവായിരുന്ന മണിസ്വാമിയായിരുന്നു കവിയൂർ പൊന്നമ്മയുടെ ഭർത്താവ്. ആദ്യമായി നായികാ വേഷത്തിലെത്തിയ റോസിയുടെ നിർമാതാവായ മണിസ്വാമി സിനിമാ സെറ്റിൽ വച്ചാണ് വിവാഹഭ്യർഥന നടത്തിയത്. 1969 ൽ വിവാഹിതരായി. ഈ ബന്ധത്തിൽ ബിന്ദു എന്ന മകളുണ്ട്. മകളുടെ ജനനത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം മണിസ്വാമിയും കവിയൂർ പൊന്നമ്മയും വേർപിരിഞ്ഞു. എന്നിരുന്നാലും വാർധക്യത്തിൽ മണിസ്വാമി രോഗബാധിതനായപ്പോൾ 2011-ൽ അദ്ദേഹത്തിന്റെ മരണം വരെ കവിയൂർ പൊന്നമ്മയാണ് പരിചരിച്ചത്.