മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം; മദ്യനിർമ്മാണ ശാലയ്ക്ക് സിപിഐ കൂട്ടുനിൽക്കുമെന്ന് കരുതിയില്ല: കെ.സി വേണുഗോപാൽ

മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതിൽ തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കെസി വേണുഗോപാൽ.
സിപിഐ മദ്യ നിർമ്മാണശാലയ്ക്ക് കൂട്ടു നിൽക്കുമെന്ന് കരുതിയില്ല. സിപിഐയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിൻ്റെ അർത്ഥം ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള നടപടികൾ നടക്കുകയാണ്. കോൺഗ്രസ് പാർട്ടിയിൽ ഹൈക്കമാൻ്റ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കിൽ അതിനെല്ലാം വ്യവസ്ഥാപിതമായ മാർഗമുണ്ട്. അത് അനുസരിച്ച് കാര്യങ്ങൾ നടക്കും.
അല്ലാതെ പൊതുചർച്ച നടത്തിയല്ല തീരുമാനമെടുക്കുക. 2025 പാർട്ടിയിൽ പുനഃസംഘടനയുടെ വർഷമാണ്. അതിൽ തീരുമാനം ബൽഗാവിൽ വച്ച് എടുത്തിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടക്കും. കൂടിയലോചനകൾ ശക്തമാകും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.