കർണാടകയിൽ കോൺഗ്രസ് വിജയിച്ചത് എഎപിയുടെ പ്രകടനപത്രിക കൊണ്ട്: കെജ്‌രിവാൾ

  1. Home
  2. Trending

കർണാടകയിൽ കോൺഗ്രസ് വിജയിച്ചത് എഎപിയുടെ പ്രകടനപത്രിക കൊണ്ട്: കെജ്‌രിവാൾ

Kejriwal


ആം ആദ്‌മി പാർട്ടിയുടെ പ്രകടനപത്രികയെ അഭിനന്ദിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തന്റെ പാർട്ടിയിൽ നിന്ന് കോൺഗ്രസ് ശ്രദ്ധ പിടിച്ചുപറ്റിയെന്നും കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ സൗജന്യ വൈദ്യുതി, സൗജന്യ റേഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ വാഗ്‌ദാനങ്ങൾ ഉൾപ്പെടുത്തിയെന്നും പറഞ്ഞു.

ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച എഎപി നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് അരവിന്ദ് കെജ്‌രിവാൾ ഈ പരാമർശം നടത്തിയത്. മറ്റ് പാർട്ടികളും ഇപ്പോൾ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വോട്ടിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ രാജ്യത്തെ രാഷ്ട്രീയ വ്യവഹാരങ്ങൾ മാറ്റുന്നതിൽ എഎപി വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ രാഷ്ട്രീയത്തിന്റെ ആഖ്യാനം മാറ്റാനാണ് ആം ആദ്‌മിപാർട്ടി (എഎപി) ശ്രമിച്ചത്. നിങ്ങൾ കർണാടക തിരഞ്ഞെടുപ്പിൽ നോക്കുകയാണെങ്കിൽ, ഞങ്ങളുടെ പ്രകടനപത്രിക വച്ച് കോൺഗ്രസ് പാർട്ടി വിജയിച്ചു.’- കെജ്‌രിവാൾ പറഞ്ഞു.

‘ഞങ്ങൾ സൗജന്യ വൈദ്യുതി നൽകുമെന്ന് പറഞ്ഞു, അവരും (കോൺഗ്രസ്) പറഞ്ഞു. തൊഴിലില്ലായ്‌മ വേതനം, സൗജന്യ റേഷൻ, 1,000 രൂപ (സ്ത്രീകൾക്ക് പ്രതിമാസം) നൽകുമെന്ന് ഞങ്ങൾ പറഞ്ഞു. അവരും അങ്ങനെ പറഞ്ഞു’- അദ്ദേഹം വ്യക്തമാക്കി.

നേരത്തെ രാഷ്ട്രീയ പാർട്ടികൾ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് വോട്ട് ചോദിച്ചിരുന്നതെന്ന് എഎപി നേതാവ് പറഞ്ഞു. ഇപ്പോൾ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ഇത്തരം വാഗ്‌ദാനങ്ങൾ നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), ഓരോ കുടുംബത്തിന്റെയും മുതിർന്ന സ്ത്രീയ്ക്ക് 2,000 രൂപ (ഗൃഹ ലക്ഷ്മി), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോഗ്രാം അരി സൗജന്യം (അന്ന ഭാഗ്യ), തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കൾക്ക് എല്ലാ മാസവും 3,000 രൂപയും 18-25 വയസ് പ്രായമുള്ള തൊഴിൽ രഹിതരായ ഡിപ്ലോമക്കാർക്ക് 1,500 രൂപയും രണ്ട് വർഷത്തേക്ക് (യുവനിധി) കർണാടകയിലെ പൊതുഗതാഗത ബസുകളിൽ (ശക്തി) സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവയാണ് കോൺഗ്രസ് വാഗ്‌ദാനം ചെയ്‌തത്‌.


സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ ശനിയാഴ്‌ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ കോൺഗ്രസ് പാർട്ടിയുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ അംഗീകരിച്ചു.