കാട്ടാനയുടെ ആക്രണത്തില്‍ ഒരാൾ മരിച്ച സംഭവം: കേന്ദ്രീകൃത ട്രാക്കിംഗ് ഉണ്ടല്ലോയെന്ന് കര്‍ണാടകം; കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ തന്നില്ലെന്ന് കേരളം

  1. Home
  2. Trending

കാട്ടാനയുടെ ആക്രണത്തില്‍ ഒരാൾ മരിച്ച സംഭവം: കേന്ദ്രീകൃത ട്രാക്കിംഗ് ഉണ്ടല്ലോയെന്ന് കര്‍ണാടകം; കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ തന്നില്ലെന്ന് കേരളം

elephant attack


 വയനാട് പടമല പനച്ചിയില്‍ അജിഷ് കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചതില്‍ പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്. ഇന്ന് രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കേരള അതിര്‍ത്തി കടന്നെത്തിയത്. കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് ആരോപിച്ചു. പലതവണ കത്തയച്ചിട്ടും ആന്‍റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തുന്നു.

എന്നാല്‍ റേഡിയോ കോളർ സിഗ്നൽ കിട്ടാൻ ആന്‍റിനയുടെയും റിസീവറിന്‍റെയും ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് വിശദീകരിച്ചു.സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്നൽ നൽകാനാകുന്ന റേഡിയോ കോളർ ആണ് മാനന്തവാടിയിൽ ഇപ്പോഴുള്ള ആനയ്ക്ക് വച്ചിരിക്കുന്നത്. വനംമന്ത്രാലയത്തിന്‍റെ കേന്ദ്രീകൃത മോണിറ്ററിംഗ് സംവിധാനത്തിൽ യൂസർ നെയിമും പാസ്‍വേഡും നൽകിയാൽ ട്രാക്കിംഗ് വിവരം ലഭിക്കും.

അതിനായാണ് കേന്ദ്രീകൃത ട്രാക്കിംഗ് സംവിധാനം നിലവിലുള്ളത്. ഒരാളുടെ ജീവൻ നഷ്ടമായത് ദൗർഭാഗ്യകരമാണ്, ആന കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കാതിരിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കണ്ടത്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പോരായി ഇതിനെ മാറ്റുന്നത് ശരിയല്ല, അത്തരത്തിലുള്ള ഒരു പ്രതികരണത്തിനും തയ്യാറല്ലെന്നും കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡേ പറഞ്ഞു

വനംവകുപ്പിന് ചെയ്യാന്‍ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ധ്രുതഗതിയില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാന്നെ് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഉന്നതതലയോഗം ഉടന്‍ ചേരും. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം നല്ലരീതിയില്‍ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ജനക്കൂട്ടമുണ്ടാകുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും. സൗമ്യയമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോണം. പ്രശ്‌നങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവെച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതല്‍ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. സാധാരണ നടപടികള്‍കൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആന ജനവാസമേഖലയില്‍ ഇറങ്ങിയെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ അവിടേക്ക് എത്തിയിരുന്നു. കര്‍മനിരതരായ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒരു വര്‍ത്തമാനവും പറയാന്‍ പാടില്ല. ഉദ്യോഗസ്ഥരുമായി സഹകരിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച് ചെയ്ത് നടപടികളുമായി മുന്നോട്ടുപോവുക എന്നതാണ് അവിടെ സ്വീകരിക്കാന്‍ കഴിയുന്ന ഫലപ്രദമായ മാര്‍ം. കര്‍ണാടകയ്ക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.