ഷംസീർ മന്ത്രിസഭയിലേക്ക്, വീണാ ജോർജ് സ്പീക്കർ?; സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് നീക്കം: പ്രതികരിച്ച് മന്ത്രിമാർ

  1. Home
  2. Trending

ഷംസീർ മന്ത്രിസഭയിലേക്ക്, വീണാ ജോർജ് സ്പീക്കർ?; സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് നീക്കം: പ്രതികരിച്ച് മന്ത്രിമാർ

Kerala Cabinet Reshuffle


സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം. നവംബറിലാകും പുനഃസംഘടനയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായ യോഗങ്ങൾ ചേരും. എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും. 

പകരം മുൻധാരണ പ്രകാരം കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. അതേസമയം, കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണു നീക്കമെന്നും സൂചനയുണ്ട്. എന്നാൽ, ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഗണേഷിന് താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. സ്പീക്കർ എ.എൻ.ഷംസീർ മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് വിവരം. പകരം ആരോഗ്യമന്ത്രി വീണാ ജോർജ് സ്പീക്കറാകും. ആരോഗ്യവകുപ്പ് ഷംസീറിന് നൽകിയേക്കും. 

അതേസമയം മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ചർച്ചകളെക്കുറിച്ച് അറിയില്ലെന്നും ഷംസീർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ഗതാ​ഗത മന്ത്രി ആന്റണി രാജുവും. മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധി മുട്ടുമില്ല. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്റണി രാജു പറഞ്ഞു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്. എൽഡിഎഫ് കൺവീനർ പറയുന്നതിന് വിരുദ്ധമാണ് വാർത്തകളെന്നും മന്ത്രി കൂട്ടിച്ചേർത്തു.