കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ കേരളത്തിൻ്റെ പ്രതിഷേധം; കേരള ഹൗസിൽനിന്ന് ജന്തർ മന്തറിലേക്ക് മാർച്ച്
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആരംഭിച്ചു. ഡൽഹിയിലെ കേരള ഹൗസിൽനിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ സമരം ആരംഭിച്ചു.
പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കും. ഡിഎംകെ, ആർജെഡി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി, ആംആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്.ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ള മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ ഉറപ്പില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ നടക്കുന്നത് കേരളത്തിന്‍റെ മാത്രം സമരമല്ലെന്നും സമരത്തിന് വിവിധ സംസ്ഥാനങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ഡൽഹിയിലെ സമരത്തിൽ തെക്ക് വടക്ക് വിഭജനമില്ലെന്ന് മുൻ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇന്ത്യ എന്ന ഒറ്റ വികാരത്തിലാണ് കാണുന്നത്. ശക്തമായ ഫെഡറൽ സംവിധാനമുണ്ടാകണമെങ്കിൽ ശക്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമാണ് വേണ്ടത്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തിയാൽ സ്വാഭാവികമായി ഉണ്ടാകുന്ന അസ്ഥിരത രാജ്യത്തിനുണ്ടാകുമെന്ന് കെ.കെ.ശൈലജ കൂട്ടിച്ചേർത്തു.
സമരം കേരളത്തിനു വേണ്ടിയാണെന്നും കോൺഗ്രസ് വിട്ടുനിൽക്കുന്നത് ദുഃഖകരമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.