രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം: അന്വേഷണം ആവശ്യപ്പെട്ട് ആനി രാജ
ലൈംഗികാരോപണമുയർന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം നടത്തേണ്ടതെന്ന് സിപിഐ നേതാവ് ആനിരാജ. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്ഥാനം തിരികെ നൽകണം. കള്ളപ്പരാതിയാണെങ്കിൽ നടപടിയെടുക്കാനുള്ള നിയമവും രാജ്യത്ത് ഉണ്ടല്ലോയെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പരാതിയെ പരസ്യമായി ആരോപണ വിധേയൻ തള്ളിയെന്നു പറഞ്ഞ് ഒഴിയാനാണെങ്കിൽ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ലല്ലോയെന്നും മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിന് ആനി രാജ മറുപടി നൽകി. സജി ചെറിയാൻ അത്തരം പ്രതികരണങ്ങൾ നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ബംഗാളി നടിയുടെ ആരോപണം കേരളത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നതാണ്. നടപടി എടുക്കാൻ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്നും ആനിരാജ അഭിപ്രായപ്പെട്ടു.
വസ്തുതകൾ പരിശോധിക്കണമെന്ന് മന്ത്രി ബിന്ദു
രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലെ വസ്തുതകൾ പരിശോധിക്കണമെന്ന് മന്ത്രി ബിന്ദുവും പ്രതികരിച്ചു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ നിജ സ്ഥിതി മനസിലാക്കണം. അതിന് ശേഷം തുടർ നടപടികൾ എടുക്കും. ചില മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിലുളളത്. ഉത്തരവാദിത്തപ്പെട്ട സർക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികൾ എടുക്കാൻ സാധിക്കു. ഇതിൽ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.