ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഡാമുകൾ തുറന്നു

  1. Home
  2. Trending

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഡാമുകൾ തുറന്നു

    heavy rain


സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നിരിക്കുകയാണ്. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ ഡാം എന്നിവയാണ് ഇന്ന് രാവിലെ 10 മണിയോടെ തുറന്നിരിക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. കൽപ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കക്കയം ഡാമിൽ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റർ തുറന്നിരുന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പാണുള്ളത്. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 9 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.