പാസാക്കുന്ന ബില്ലുകളിൽ തീരുമാനം വൈകുന്നു: രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ

  1. Home
  2. Trending

പാസാക്കുന്ന ബില്ലുകളിൽ തീരുമാനം വൈകുന്നു: രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ

president


നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. രാഷ്ട്രപതിക്കെതിരെയാണ് ഹർജി. ഗവർണറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം ഹർജി നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്. 

അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ചീഫ്  സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി. ബാലകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഈ ബില്ലിൽ തീരുമാനം അനന്തമായി വൈകിപ്പിക്കുന്നതിന് എതിരെ കൂടിയാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായി തെറ്റായ കീഴ്വഴക്കമാണെന്നാണു സംസ്ഥാനം ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കാരണമില്ലാതെ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഭരണഘടനാപരമായ പ്രശ്‌നങ്ങൾ തോന്നുകയാണെങ്കിൽ ഗവർണർക്ക് ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാം. എന്നാൽ ഇത്തവണ രാഷ്ട്രപതിക്ക് അയച്ചതിൽ കാരണം വ്യക്തമാക്കിയിട്ടില്ല. ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജി നിലവിലുണ്ട്.