നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി കേരളം; പൊലീസ് സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാൻ ചെയ്യൂ

നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ നൂറു ദിന പദ്ധതിയിലുൾപ്പെടുത്തിയ വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, പൊലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങൾക്കു അഭിപ്രായം അറിയിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനത്തിന്‍റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിങ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആകെ 62.61 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 30 പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറ് മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. കാസർഗോഡ്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വനിതാ, സൈബർ പൊലീസ് സ്റ്റേഷനുകൾ, കണ്ണൂരിലെ മട്ടന്നൂർ, കണ്ണവം, കൊല്ലം റൂറലിലെ കൊട്ടാരക്കര, ചിതറ, ആലപ്പുഴയിലെ വീയപുരം, ഏറണാകുളം റൂറലിലെ വടക്കേക്കര, മലപ്പുറത്തെ തേഞ്ഞിപ്പാലം, കോഴിക്കോട് റൂറലിലെ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനുകൾ, തിരുവനന്തപുരം ജില്ലയിലെ സൈബർ ആസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എനേബിൾഡ് സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ, പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബിൽ പുതിയ കെട്ടിടം, സൈബർ ഡിവിഷന്റെ വർക്ക് സ്റ്റേഷൻ, ബയോളജി, ഡി.എൻ.എ, സീറോളജി വിഭാഗത്തിന്റെ വർക്ക് സ്റ്റേഷൻ, പാലക്കാട് ടെലികമ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി ഓഫീസ് കെട്ടിടം, തിരുവനന്തപുരത്തെ വനിതാ പോലീസ് ബറ്റാലിയനിലെ കമ്പ്യൂട്ടർ ലാബ്, ഏറണാകുളം തേവരയിലെ എസ്.ബി.സി.ഐ.ഡി റേഞ്ച് ഓഫീസ്, പത്തനംതിട്ട ജില്ലാ കണ്ട്രോൾ റൂം, കൊല്ലം റൂറൽ ക്യാമ്പ് ഓഫീസ് കെട്ടിടം, ക്രൈംബ്രാഞ്ചിന്റെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഓഫീസ് മന്ദിരം, മലപ്പുറത്തെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ ക്യാമ്പ് ഓഫീസ്, കാസർഗോഡ് ബേക്കൽ സബ് ഡിവിഷൻ പോലീസ് കണ്ട്രോൾ റൂം, ജില്ലാ ഹെഡ്ക്വാട്ടേഴ്‌സിലെ ഫുട്‌ബോൾ ടർഫ്, കോഴിക്കോട് റൂറലിലെ ജില്ലാ പരിശീലന കേന്ദ്രം, കൊല്ലം സിറ്റിയിലെ കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്റർ, കൊല്ലം റൂറലിലെ ക്യാമ്പ് ഓഫീസ്, കേരള പോലീസ് അക്കാദമിയിൽ കുട്ടികൾക്കായുള്ള ക്രഷ്, വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിയിൽ സബ് ഡിവിഷൻ ഓഫീസ്, ലോവർ സബോർഡിനേറ്റ് ക്വാട്ടേഴ്‌സ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
സൈബർ ഭീഷണികളെയും സുരക്ഷാ പിഴവുകളെയും മുൻകൂട്ടി കണ്ടെത്തി ഫലപ്രദമായ നടപടി സ്വീകരിക്കുകയും പൊലീസ് വകുപ്പിലെ എല്ലാ കംപ്യൂട്ടറുകളുടേയും 24 x 7 നീരീക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് എഐ എനേബിൾഡ് സെക്യൂരിറ്റി ഓപ്പറേഷൻ സെൻറർ (എസ് ഓ സി) രൂപീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടമെന്ന നിലയ്ക്ക് പൊലീസ് ആസ്ഥാനത്തെയും, സിറ്റി പൊലീസ് കമ്മീഷണറേറ്റ്, എസ്.ഡി.പി.ഒ കൾ, സിറ്റി പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ കംപ്യൂട്ടറുകളും അനുബന്ധ സംവിധാനങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ നിരീക്ഷിച്ചു വരികയാണ്.