കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തൃശൂർ അകമലയിൽ ഉരുൾപൊട്ടലിന് സാധ്യത, മാറണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെയും യെല്ലോ അലർട്ടായിരിക്കും.
തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു. മഴക്കാലമായതിനാൽ ഏതു നിമിഷവും ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മഴക്കാലം കഴിയും വരെ മാറി താമസിക്കാൻ 41 കുടുംബങ്ങൾക്ക് നിർദേശം നൽകി.