കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് ഇന്നുചേരും

ഭാരതാംബ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് ഇന്നു ചേരും. രജിസ്ട്രാർക്കെതിരേയുള്ള വൈസ് ചാൻസലറുടെ സസ്‌പെൻഷൻ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനാലാണ്, ഞായറാഴ്ച തന്നെ സിൻഡിക്കേറ്റ് യോഗം ചേരാൻ വിസി ഡോ. സിസാ തോമസ് തീരുമാനിച്ചത്. രാവിലെ 11 മണിക്ക് സർവകലാശാല ആസ്ഥാനത്താണ് സിൻഡിക്കേറ്റ് യോഗം ചേരുന്നത്.
അടിയന്തരമായി സിന്‍ഡിക്കേറ്റ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു അംഗങ്ങള്‍ വിസി ഡോ. സിസ തോമസിന് കത്തു നല്‍കിയിരുന്നു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. രജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള നീക്കം ഇന്നത്തെ യോഗത്തിലുണ്ടായേക്കും. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ സിന്‍ഡിക്കേറ്റിന് ഇപ്പോള്‍ തീരുമാനം കൈക്കൊള്ളാന്‍ ആകില്ലെന്നാണ് എതിര്‍പക്ഷത്തിന്റെ നിലപാട്.