സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് ചൂട് കൂടുതല്‍; തീരമേഖലയില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത
സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും ഉയരാം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമാകാം. സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
അതേസമയം മധ്യ-വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ വേനല്‍ മഴ ലഭ്യമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ ലഭിച്ചിരുന്നു. തീരമേഖലയിൽ ഇന്നും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 1.16 മീറ്റർ വരെ ഉയരത്തിൽ വേഗമേറിയ തിരകൾക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരദേശവാസികൾ ജാഗ്രത പാലിക്കണം. തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.