'കേരളീയം' വൻ വിജയം; സമാഹരിച്ചത് 100 കോടി, ചെലവായത് 40 കോടി, കണക്കുകൾ സർക്കാർ തന്നെ പുറത്തുവിട്ടേക്കും

കേരളീയത്തിനെതിരെ വൻ വിമർശനമുയരുമ്പോഴും മേള സർക്കാരിന് വൻ സാമ്പത്തിക ലാഭമുണ്ടാക്കിയതായി കണക്കുകൾ. ഒരാഴ്ച നീണ്ടുനിന്ന കേരളീയം ആഘോഷത്തിന് വേണ്ടി സ്പോൺസർഷിപ്പിലൂടെ സർക്കാരിന് 100 കോടി ലഭിച്ചതായി സൂചന. ചിലവ് 40 കോടിയിൽ ഒതുങ്ങും. ഈ കണക്കുകൾ പിന്നീട് സർക്കാർ തന്നെ വിശദീകരിച്ചേക്കും. വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കേരളീയം പരിപാടി. ഏഴ് ദിനം നീണ്ട ആഘോഷം തലസ്ഥാനനഗരിക്ക് ആവേശം പകർന്നിരുന്നു. സാമ്പത്തികമായി വൻ വിജയമായതോടെ കേരളീയം പരിപാടി എല്ലാ വർഷവും ആവർത്തിക്കാൻ ആണ് സർക്കാർ പദ്ധതി.
സാമ്പത്തികമായി സംസ്ഥാനം വൻ പ്രതിസന്ധി നേരിടുമ്പോൾ നടത്തുന്ന പരിപാടി വൻ ധൂർത്ത് ആണെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം വിട്ടുനിൽക്കുകയായിരുന്നു. സാധാരണക്കാർക്കുള്ള പെൻഷൻ ലഭിക്കാതായിട്ട് നാല് മാസമായി എന്നിട്ടും വലിയ തുക ചെലവിട്ട് സർക്കാർ കേരളീയം സംഘടിപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാൽ ജനപങ്കാളിത്തംകൊണ്ട് ഫെസ്റ്റ്വെൽ വൻ വിജയമാവുകയും ചെയ്തു.