'കേരളീയം' മികച്ച പരിപാടി; ഓ. രാജഗോപാൽ, സമാപന ചടങ്ങിൽ പങ്കെടുത്തു

കേരളീയത്തിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുത്ത് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ.കേരളത്തിൽ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളീയം നല്ല പരിപാടിയാണ്. ബിജെപി കേരളീയത്തെ എതിർക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തുന്നു. അത് കേൾക്കേണ്ട കാര്യമുണ്ടല്ലോ, വികസനത്തിന്റെ കാര്യത്തിൽ വിട്ടു നിൽക്കേണ്ട കാര്യമില്ലെന്നും
കണ്ണടച്ച് എതിർക്കേണ്ടതില്ലെന്നും ഒ.രാജഗോപാൽ പ്രതികരിച്ചു. ഒ രാജഗോപാലിന്റെ വരവ് പ്രസംഗത്തിൽ പരാമർശിച്ച മുഖ്യമന്ത്രി, അദ്ദേഹത്തെ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹസ്തദാനം നൽകി.
അതിനിടെ ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി . സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളീയത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.