ഇത്തവണ 'കേരളീയം' വേണ്ടെന്ന് തീരുമാനം; വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ
സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ - ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാൻ കാരണമായെന്ന് സർക്കാർ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് മാറ്റിയെങ്കിലും പിന്നീടിത് ജനുവരിയിൽ നടത്തുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പൂർണമായും കേരളീയം പരിപാടി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു.