'ഭക്ഷ്യ വിഷബാധ'; യുഎസിലെ ഭക്ഷ്യസ്ഥാപനങ്ങൾ മെനുവിൽ നിന്നും ഉള്ളി പിൻവലിക്കുന്നതായി റിപ്പോർട്ട്

  1. Home
  2. Trending

'ഭക്ഷ്യ വിഷബാധ'; യുഎസിലെ ഭക്ഷ്യസ്ഥാപനങ്ങൾ മെനുവിൽ നിന്നും ഉള്ളി പിൻവലിക്കുന്നതായി റിപ്പോർട്ട്

burger


പ്രമുഖ ഫുഡ് ബ്രാന്റായ മക് ഡൊണാൾഡ്സിലെ ബർഗറിൽ നിന്നും ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിനു പിന്നാലെ യുഎസിലെ ഭക്ഷ്യസ്ഥാപനങ്ങൾ മെനുവിൽ നിന്നും ഉള്ളി പിൻവലിക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ ഫാസ്റ്റ്ഫുഡ് ഭീമനായ യം ബ്രാന്റ്‌സ് അവരുടെ സഹ സ്ഥാപനങ്ങളിലെ ഉള്ളി ഉപയോഗം നിർത്തലാക്കിയതായാണ് വിവരം.

ഞങ്ങളുടെ ഭക്ഷണത്തിന്റെ നിലവിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഞങ്ങളും വിതരണക്കാരും നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് തുടരും എന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചത്.

യമ്മിന്റെ അനുബന്ധ സ്ഥാപനങ്ങളായ കെഎഫ്‌സി, പിസ്സ ഹട്ട്, ടാകോ ബെൽ, ദ ഹാബിറ്റ് ബർഗർ ഗ്രിൽ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഉള്ളിക്ക് നിയന്ത്രണം. എന്നാൽ യുഎസിലെ ഏതെല്ലാം ഔട്ട്‌ലെറ്റുകളിലാണ് ഇത് നടപ്പാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രമുഖ ഫാസ്റ്റ്ഫുഡ് സ്ഥാപനമായ ബർഗർ കിങും മെനുവിലെ ഉള്ളി ഉപയോഗം നിർത്തിവെച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏകദേശം അഞ്ച് ശതമാനം ബർഗർ കിംഗ് ലൊക്കേഷനുകളിലെ മെനുവിൽ നിന്ന് ഉള്ളി നീക്കം ചെയ്തതായി ബർഗർ കിംഗ് പ്രസ്താവനയിൽ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് ഇതെന്നും പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം യുഎസിൽ മക് ഡൊണാൾഡ്‌സിന്റെ ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതിന് പിന്നാലെ ഒരാൾ മരിക്കുകയും 49 പേർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും പത്തു പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ബർഗറിലുണ്ടായിരുന്ന ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് യുഎസിലെ ആരോ​ഗ്യ ഭക്ഷ്യ സുരക്ഷാ വിഭാ​ഗത്തിന്റെ കണ്ടെത്തൽ.

രോഗബാധിതരായ എല്ലാവരും അസുഖത്തിന് തൊട്ടുമുമ്പായി മക് ഡൊണാൾഡ്‌സിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ബർഗറിനകത്ത് ഉപയോഗിച്ച ഉള്ളിയായിരിക്കാം ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. മുൻകരുതലെന്നോണം മക് ഡൊണാൾഡ്‌സ് യുഎസിലെ വിവിധ ഔട്ട്ലെറ്റുകളിലെ ഉള്ളിയും മാംസങ്ങളും നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ മെനുവിൽ നിന്നും താൽകാലികമായി ക്വാർട്ടർ പൗണ്ടർ ബർഗർ പിൻവലിച്ചിരുന്നു.

മനുഷ്യരുടേയും മൃഗങ്ങളുടേയും കുടലിലും വിസർജ്യത്തിലും സാധാരണയായി കാണപ്പെടുന്ന ഒരുതരം ബാക്ടീരിയയാണ് ഇ കോളി. ഇ- കോളിയുടെ ഭൂരിഭാഗം ഇനങ്ങളും നിരുപദ്രവകാരികളാണെങ്കിലും ചിലത് ഭക്ഷ്യജന്യ രോഗങ്ങൾക്ക് ഇടയാക്കാറുണ്ട്. ഭക്ഷ്യ വിഷബാധ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ഗുരുതരമായ ഭക്ഷ്യവിഷബാധ സംബന്ധിയായ രോഗത്തിന് കാരണമാകും.