മല്ലികാർജുൻ ഖർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതിഷേധവുമായി കോൺഗ്രസ്

  1. Home
  2. Trending

മല്ലികാർജുൻ ഖർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതിഷേധവുമായി കോൺഗ്രസ്

kharge


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാറിലെ സമസ്തിപൂരിൽ വച്ചാണ് പരിശോധന നടത്തിയത്. അതേസമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. 

കോൺഗ്രസ് ബിഹാർ യൂണിറ്റിന്റെ വക്താവ് രാജേഷ് റാത്തോഡ് തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസ് നേതാക്കളുടെ ഹെലികോപ്റ്ററുകളിൽ പരിശോധന നടത്തുന്നത് പതിവാണോയെന്നും എൻഡിയുടെ എത്ര മുതിർന്ന നേതാക്കളെ ഇത്തരത്തിൽ പരിശോധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കണമെന്നും റാത്തോഡ് പറഞ്ഞു. ബിഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നേരിട്ട് ഹെലികോപ്റ്റർ പരിശോധിക്കുന്നതിന്റെ വിഡിയോ റാത്തോഡ് എക്‌സിൽ പങ്കുവച്ചിരുന്നു. 

തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ രേഖകളും പരസ്യമാക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പ്രതിപക്ഷ നേതാക്കളെ തടയാൻ ലക്ഷ്യമിടുന്നതായി ഇത്തരം നടപടികൾ വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ പരിശോധന നടത്തിയിട്ടുള്ള എല്ലാ നേതാക്കളുടെയും വിഡിയോ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.