അർധ സെഞ്ചുറിക്ക് പിന്നാലെ കോഹ്ലി മടങ്ങി, പിന്നാലെ വന്ന ജഡേജയും വീണു
ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. അർധ സെഞ്ചുറി നേടിയതിന് പിന്നാലെ സൂപ്പർ താരം വിരാട് കോഹ്ലി പുറത്തായി. 56 പന്തുകളിൽനിന്നാണ് കോലി അർധ സെഞ്ചറി കണ്ടെത്തിയത്. ലോകകപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിലാക്കി. 63 പന്തില്‍ 54 റൺസെടുത്താണ് കോഹ്ലി പുറത്തായത്.
4 റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്. 7 പന്തിൽ 4 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. അഞ്ചാം ഓവറിൽ സ്കോർ 30ൽ നിൽക്കേ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.
3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് രാഹുലും കോഹ്ലിയും ശ്രദ്ധയോടെ ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് രണ്ടും ഗ്ലെൻ മാക്സ്വെല്ലും മിച്ചൽ സ്റ്റാർക്കും ഓരോ വിക്കറ്റും വീഴ്ത്തി.