ഞെളിയന്‍പറമ്പ് പദ്ധതിയുടെ കരാറില്‍ നിന്ന് സോണ്ട ഇന്‍ഫ്രാടെകിനെ ഒഴിവാക്കും

കോഴിക്കോട് ഞെളിയന്‍പറമ്പിലെ വേസ്റ്റ് ടു എനര്‍ജി പദ്ധതിയുടെ കരാറില്‍ നിന്ന് സോണ്ട ഇന്‍ഫ്രാടെകിനെ ഒഴിവാക്കും. 2019- ൽ തുടങ്ങിയ കരാർ കാലാവധി നവംബറിൽ അവസാനിച്ചിട്ടും ബയോ മൈനിങ്ങിന്റെ 60 ശതമാനം മാത്രമാണ് പൂർത്തിയാക്കിയത്. കരാർ പുതുക്കി നല്കാൻ കമ്പിനി വീണ്ടും അപേക്ഷ നൽകിയിരുന്നെങ്കിലും ഇനി പുതുക്കി നല്‍കേണ്ട എന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ നിലപാട്. ബ്രഹ്‌മപുരത്ത് വിവാദത്തിലായ കമ്പനിയാണ് സോണ്ട ഇന്‍ഫ്രാടെക്.
ഏഴരക്കോടിയുടെ കരാറായിരുന്നു സോണ്ടയുമായി കോര്പറേഷന് ഉണ്ടായിരുന്നത്. ഇതിൽ ഒന്നരക്കോടി രൂപ കമ്പനിയ്ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയാകാത്ത സാഹചര്യത്തിൽ ബാക്കി പണം കൊടുക്കില്ലെന്നും കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഈക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു. ഒരു വശത്ത് കൂട്ടിയിട്ടിരുന്ന അരിച്ചെടുത്ത പ്ലാസ്റ്റിക് തരികള്‍ കാറ്റില്‍ പറന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാൽ മൂടി വെക്കണമെന്ന് കോര്‍പ്പറേഷന്‍ മുൻപ് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഈകാര്യം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ഞാലിയാണ് പറമ്പിൽ തീപിടിത്തം ഉണ്ടായത് ആളുകളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ഞെളിയന്‍പറമ്പില്‍ മാലിന്യ സംസ്‌കരണം ഇപ്പോൾ കോര്‍പ്പറേഷന്‍ നേരിട്ടാണ് നടത്തുന്നത്. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ വേണ്ടിയായിരുന്നു സംസ്ഥാന വ്യവസായ കോര്‍പ്പറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സോണ്ട ഇന്‍ഫ്രാടെകുമായി കരാര്‍ ഉണ്ടാക്കിയത്. മലബാര്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചായിരുന്നു സോണ്ടയുടെ കരാര്‍. ഈ കമ്പിനിക്ക് അനുമതി രേഖകള്‍ കിട്ടിയില്ല, മഴ, കോവിഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ എല്ലാം കാണിച്ച് നാല് തവണ കരാർ പുതുക്കിയിട്ടുണ്ട്.