കോഴിക്കോട് വിലങ്ങാട് മലയങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി; പാലം തകർന്നു, 15 കുടുംബങ്ങൾ ഒറ്റപ്പെട്ടു

വടകര താലൂക്കിലെ വിലങ്ങാട് മലയങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായതായി വിവരം. ഇയാൾക്കായി എൻഡിആർഎഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടക്കുകയാണ്. ഉരുൾപൊട്ടലിൽ മലയങ്ങാട് പാലം ഒലിച്ചുപോയിരുന്നു. പുഴയുടെ തീരത്തുള്ള നാല് വീടുകൾ ഭാഗികമായി തകർന്നു. പാലം തകർന്നതിനെത്തുടർന്ന് 15 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്ത് ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്.
കൈതപ്പൊയ്യിൽ- ആനോറമ്മൽ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലിൽ 80 മീറ്ററോളം റോഡ് മണ്ണിനടിയിലായി. ഇവിടെനിന്ന് ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുറ്റ്യാടി മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്തും ഉരുൾപൊട്ടലുണ്ടായി. കടന്തറ പുഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് പൃക്കന്തോട്, സെന്റർമുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെൽട്ടറിലേയ്ക്ക് മാറ്റി
കക്കയം ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാൽ രണ്ട് ഷട്ടറുകൾ നാലടിവീതം ഉയർത്തി. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൂനൂർ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലെത്തിയതായി അധികൃതർ പറയുന്നു. തീരങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.