റെസ്റ്ററന്റുകളുമായി സഹകരിക്കാൻ കെഎസ്ആർടിസി; ദീർഘദൂര ബസുകൾക്ക് പുതിയ സംവിധാനം
കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്‍റുകളില്‍ നിന്ന് കോര്‍പ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു. സംസ്ഥാനത്തിന്‍റെ റോഡ് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആർടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
യാത്രക്കാർക്ക് ഭക്ഷണ പാനീയ സേവനങ്ങൾ നൽകുന്നതിനായി പ്രധാന റൂട്ടുകളിൽ സ്ഥിതി ചെയ്യുന്നതും നല്ല രീതിയിൽ പ്രവർത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്‍റുകളിൽ നിന്നാണ് കെഎസ്ആർടിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്.
പ്രധാന നിബന്ധനകൾ
1. ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള വെജ്, നോൺ വെജ് ഭക്ഷണം ന്യായമായ നിരക്കിൽ നൽകുന്ന ഭക്ഷണശാലകളായിരിക്കണം.
2. ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം
3. ശുചിത്വമുള്ള ടോയ്‌ലറ്റുകൾ/മൂത്രപ്പുരകൾ, വിശ്രമമുറി സൗകര്യങ്ങൾ ഉണ്ടായിരിക്കണം
4. ബസ് പാർക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്:
എസ്റ്റേറ്റ് ഓഫീസർ, ചീഫ് ഓഫീസ്, കെഎസ്ആർടിസി
Phone Number 0471-2471011-232 Email ID estate@kerala.gov.in.
ആവശ്യമായ രേഖകൾ സഹിതമുള്ള താല്പര്യപത്രം 05/09/2024,17.00 മണിക്കു മുൻപായി കെഎസ്ആർടിസി ട്രാൻസ്‌പോർട്ട് ഭവനിലെ തപാൽ വിഭാഗത്തിൽ സമർപ്പിക്കേണ്ടതാണ്. യോഗ്യതാമാനദണ്ഡം, നിബന്ധനകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി www.keralartc.com/tenders/misc എന്ന വെബ്സൈറ്റ് സന്ദർശിക്കുക.