ഓണസമ്മാനമായി കെഎസ്ആർടിസി പുതിയ ബസുകളിറക്കും

  1. Home
  2. Trending

ഓണസമ്മാനമായി കെഎസ്ആർടിസി പുതിയ ബസുകളിറക്കും

ksrtc  


ഓണസമ്മാനമായി കെഎസ്ആർടിസി പുതിയ ബസുകളിറക്കും. എസിയും സ്ലീപ്പറും സ്ലീപ്പർ കം സീറ്ററുമടക്കമുള്ള ബസുകൾ രണ്ടു മാസത്തിനുള്ളിൽ എത്തും. മൊത്തം 168 ബസുകൾക്കാണ് പർച്ചേഴ്സ് ഓർഡർ കൊടുത്തത്. 107 കോടി രൂപയാണ് ബസ് വാങ്ങാൻ ബജറ്റിൽ സർക്കാർ വകയിരുത്തിയത്. ഐഷർ കമ്പനിയുടെ 4 സിലിണ്ടർ നോൺ എസി ബസ് 25 എണ്ണം വാങ്ങും. ഓർഡിനറി സർവീസിനായുള്ള ഈ ഒൻപത് മീറ്റർ നീളമുള്ള ബസിൽ 30 സീറ്റുണ്ട്.

ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് സർവീസിനായി ടാറ്റയുടെ 11 മീറ്റർ നീളമുള്ള 6 സിലിണ്ടർ നോൺ എസി ബസ് 60 എണ്ണമെത്തും. 50 സീറ്റാണ് ബസിലുള്ളത്. ഇതേ ശ്രേണിയിലുള്ള 20 ബസുകൾ ഫാസ്റ്റ് പാസഞ്ചർ സർവീസിനായും വാങ്ങുന്നുണ്ട്. ഹ്രസ്വ ദൂര ഫാസറ്റ് പാസഞ്ചർ സർവീസിന് ലൈലാന്റിന്റെ 4 സിലിണ്ടർ നോൺ എസി ബസും വരുന്നുണ്ട്. ഡ്രൈവറുൾപ്പെടെ 39 സീറ്റ്.

എസി ബസുകളാണിനിയുള്ളത്. ലൈലാന്റ് കമ്പനിയുടെ 36 സീറ്റുള്ള എസി സ്ലീപ്പർ ബസ് എട്ട് എണ്ണം, 51 സീറ്റുള്ള എസി സീറ്റർ എട്ട് എണ്ണം, 18 ബർത്തും 36 സീറ്റുമുള്ള എസി സ്ലീപ്പർ കം സീറ്റർ 10 ബസും വാങ്ങും. പ്രീമിയം സൂപ്പർ ഫാസ്റ്റായി സർവീസ് നടത്താൻ 40 സീറ്റുള്ള 10 എസി സീറ്റർ ബസും ഉടനെത്തും. കഴിഞ്ഞ ദിവസം രണ്ട് ബസുകൾ തിരുവനന്തപുരത്തെത്തിയിരുന്നു. സൂപ്പർ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറും ബസ് ഓടിച്ച് നോക്കി ഡിസൈനിലടക്കം ചില മാറ്റങ്ങൾ വരുത്താൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നിർദേശിച്ചു.