വയനാട്ടിലെ ഉരുൾപൊട്ടൽ; മരണ സംഖ്യ 90 ആയി, അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരം, സ്ഥലത്തേക്ക് കൂടുതൽ സൈന്യം എത്തും

  1. Home
  2. Trending

വയനാട്ടിലെ ഉരുൾപൊട്ടൽ; മരണ സംഖ്യ 90 ആയി, അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരം, സ്ഥലത്തേക്ക് കൂടുതൽ സൈന്യം എത്തും

wayanad


  
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും എത്തിക്കുന്നു. ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി ഉയർന്നു. 

ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയത്. ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതും തകർന്നടിഞ്ഞതും പത്താം വാർഡായ അട്ടമലയാണ്. അതിനാലാണ് രക്ഷാ പ്രവർത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കുന്നത്. അതിനിടെ, തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും. 5 മണിക്ക് വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് പോകും. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉള്ള ഉപകരണങ്ങളുമടക്കം വഹിച്ചു കൊണ്ടാണ് ഇവർ എത്തുന്നത്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്.