പ്രിയങ്ക ജയിച്ചാൽ മണ്ഡലത്തിലുണ്ടാകുമെന്ന് എന്താണ് ഉറപ്പ്?, രാഹുൽ വയനാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ; സത്യൻ മൊകേരി
ലക്കിടിയിൽനിന്ന് പ്രചാരണം തുടങ്ങുമെന്ന് വയനാട്ടിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി സത്യൻ മൊകേരി. വയനാടിന് മതേതര മനസ്സാണ്. വയനാട്ടിലെ പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്തുമെന്നും സത്യൻ മൊകേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ബി.ജെ.പി, വർഗീയ ശക്തികേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ല? മതേതര മനസുള്ള കേരളത്തിൽ വന്നാണോ മത്സരിക്കേണ്ടതെന്നും സത്യൻ മൊകേരി ചോദിച്ചു.
രാഹുൽ ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടി വയനാട് വന്നു മത്സരിച്ചു. ഇപ്പോൾ പ്രിയങ്കയും ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടുന്നു. പ്രാദേശിക വിഷങ്ങൾ ഉന്നയിക്കാനാണ് ജനങ്ങൾ ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത്. പ്രാദേശിക വിഷയങ്ങൾ അറിയാത്തവർക്ക് എന്ത് ചെയ്യാനാകും? പ്രിയങ്ക ജയിച്ചാൽ മണ്ഡലത്തിലുണ്ടാകുമെന്ന് എന്താണ് ഉറപ്പ്? രാഹുൽ വയനാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ, പ്രിയങ്ക ജയിച്ചാൽ വയനാടിനെ ഉപേക്ഷിക്കില്ലെന്ന് എന്താണ് ഉറപ്പ് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
പ്രിയങ്കയെ സാധാരണക്കാർക്ക് കാണാൻ പറ്റുമോ? 2014 -ൽ 20,000 വോട്ടിനു മാത്രമാണ് തോറ്റത്, ആ അടിത്തറ ഇടതുപക്ഷത്തിന് വയനാട്ടിലുണ്ട്. കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പ്രിയങ്കക്ക് ഇന്ദിര ഗാന്ധിയോളം ജനസ്വീകാര്യതയുണ്ടോയെന്നും ഇന്ദിരയും രാഹുലും തോറ്റിട്ടില്ലേയെന്നും സത്യൻ മൊകേരി ചോദിച്ചു.