സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകിയാൽ ദത്തെടുക്കലിനെ ബാധിക്കുമെന്ന് കേന്ദ്രം

സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകിയാൽ ദത്തെടുക്കല്‍ അടക്കമുള്ള അവകാശങ്ങളെ ബാധിക്കുമെന്ന വാദവുമായി കേന്ദ്രം സുപ്രീംകോടതിയിൽ. എന്നാൽ ഇവർ ദത്തെടുക്കുന്ന കുഞ്ഞ് സ്വവര്‍ഗാനുരാഗിയാകണമെന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പ്രതികരിച്ചു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു മൂന്നംഗ ബെഞ്ച്.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹര്‍ജിക്കാര്‍ക്ക് അഭിഭാഷകന്‍ എന്‍ കെ കൗളും കോടതിയിൽ ഹാജരായി. നിയമത്തിൽ ലിംഗഭേദം ഇല്ലാതെ രണ്ട് വ്യക്തികള്‍ തമ്മിലുളളതാണ് വിവാഹം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നൽകാമെന്ന് എന്‍ കെ കൗൾ അഭിപ്രായപ്പെട്ടു. എന്നാൽ സ്ത്രീയും പുരുഷനും എന്ന് വ്യക്തമായി പറഞ്ഞ വാക്കുകള്‍ സോളിസിറ്റര്‍ ചൂണ്ടിക്കാട്ടി. വിവാഹത്തിനുളള അവകാശത്തില്‍ സ്വവര്‍ഗ വിവാഹം ഉള്‍പ്പെടുന്നില്ലെന്നും അദ്ദേഹം വാദിച്ചു. സർക്കാരിന്റെ വാദത്തിനെതിരെ അഭിഭാഷക അരുന്ധതി കാട്ജു രംഗത്തെത്തിയിട്ടുണ്ട്.