അമിത് ഷായുടെ ഹിന്ദി ശത്രുവല്ല എന്ന പരാമർശത്തിനെതിരെ കനിമൊഴി

  1. Home
  2. Trending

അമിത് ഷായുടെ ഹിന്ദി ശത്രുവല്ല എന്ന പരാമർശത്തിനെതിരെ കനിമൊഴി

 kanimozhi    


ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തോടെ ഭാഷാ ചർച്ച കൂടുതൽ ശക്തമാവുകയാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡിഎംകെ എംപി കനിമൊഴി. ഹിന്ദി ശത്രുവല്ലെങ്കിൽ ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ എന്ന് അവർ കൂട്ടിച്ചേർത്തു. ഹിന്ദി ഒരു ഇന്ത്യൻ ഭാഷയുടെയും എതിരാളിയല്ല, മറിച്ച് എല്ലാവരുടെയും സുഹൃത്താണെന്നും രാജ്യത്ത് ഒരു ഭാഷയ്ക്കും എതിരെ എതിർപ്പ് ഉണ്ടാകരുതെന്നും ഷാ അടുത്തിടെ പറഞ്ഞു. "ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കിൽ, തമിഴും ഒരു ഭാഷയുടെയും ശത്രുവല്ല. അവർ തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങൾ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർത്ഥ ദേശീയോദ്ഗ്രഥനം," കനിമൊഴി ചൂണ്ടിക്കാട്ടി. "ഞങ്ങൾ ആരുടേയും ശത്രുക്കളല്ല. ഞങ്ങൾ എല്ലാവരുടെയും സുഹൃത്തുക്കളാണ്. ഞങ്ങളുടെ ഭാഷയും പഠിക്കൂ" എന്ന് ഡിഎംകെ നേതാവ് ഊന്നിപ്പറഞ്ഞു. എന്നാൽ പ്രസ്താവനക്കിടെ എംപി അമിത് ഷായുടെ പേര് പരാമർശിച്ചില്ല.

ഭാഷാ വകുപ്പിന്റെ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അമിത് ഷാ ഹിന്ദിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഭരണപരമായ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ഭാഷ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം നൽകുമെന്നും അമിത് ഷാ പറഞ്ഞു. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാൽ, നമ്മുടെ ഭാഷകൾ സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണം. നമ്മുടെ ഭാഷയിൽ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയിൽ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തിൽനിന്നും പുറത്തുവരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിലല്ല ഹിന്ദിയിൽ സംസാരിക്കണമെന്ന അമിത് ഷായുടെ പരാമർശം വിവാദമായിരുന്നു. പ്രാദേശിക ഭാഷകൾക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. സർക്കാർ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വർധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് സർക്കാർ ഭാഷ ഹിന്ദിയാക്കേണ്ടത് അത്യാവശ്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.