അപകടത്തിൽപ്പെട്ട ബോട്ടിന് 10,000 രൂപ പിഴയീടാക്കി അനുമതി നൽകാൻ നിർദ്ദേശം; കത്തിന്റെ പകര്‍‌പ്പ് പുറത്ത്

  1. Home
  2. Trending

അപകടത്തിൽപ്പെട്ട ബോട്ടിന് 10,000 രൂപ പിഴയീടാക്കി അനുമതി നൽകാൻ നിർദ്ദേശം; കത്തിന്റെ പകര്‍‌പ്പ് പുറത്ത്

Tanur boat accident


താനൂരിൽ ആറു കുട്ടികളടക്കം 22 പേരുടെ മരണത്തിന് ഇടയാക്കിയ വിനോദയാത്രാ ബോട്ട് ഉടമ നാസറിന്, ചട്ടം ലംഘിച്ച് ബോട്ട് സർവീസ് നടത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. ചട്ടം ലംഘിച്ച് നിര്‍മിച്ച ബോട്ടിന്, 10,000 രൂപ പിഴ ഈടാക്കി സർവീസ് നടത്താൻ അനുമതി നൽകിയെന്നാണു വിവരം. മാരിടൈം ബോര്‍ഡ് സിഇഒ ആണ് ഇതിനു നിര്‍ദേശം നല്‍കിയത്.

ചട്ടപ്രകാരം ബോട്ട് നിര്‍മിക്കുന്നതിന് അനുമതി നിർബന്ധമാണ്. എന്നാല്‍ അനുമതി വാങ്ങാതെയാണ് നാസര്‍ ബോട്ട് നിര്‍മിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതു ക്രമവല്‍ക്കരിക്കാനാണു സിഇഒ ഇടപെട്ടത്. സിഇഒയുടെ കത്തിന്റെ പകര്‍‌പ്പ് മനോരമ ന്യൂസിനു ലഭിച്ചു. ബോട്ടിനു റജിസ്ട്രേഷനില്ലെന്ന് റജിസ്റ്ററിങ് അതോറിറ്റിയും അറിയിച്ചു.

ബോട്ടുകൾക്ക് അനുമതി നൽകുന്ന തുറമുഖ വകുപ്പിനു കീഴിലുള്ള റജിസ്റ്ററിങ് അതോറിറ്റിയുടെ അധ്യക്ഷനും ആലപ്പുഴ പോർട്ട് ഓഫിസർക്കും മാരിടൈം ബോര്‍ഡ് സിഇഒ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് അയച്ച കത്തിലാണ് അനധികൃത ഇടപെടലിന്റെ സൂചനകളുള്ളത്.

മാരിടൈം സിഇഒയുടെ കത്തിൽനിന്ന്:

‘‘സൂചനയിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. ശ്രീ നാസർ പി. താനൂർ, മലപ്പുറം എന്ന വ്യക്തിയുടെ ബോട്ട് നിയമപ്രകാരം പണിയുന്നതിനു മുൻപായി ഫോം നമ്പർ വൺ അപേക്ഷാ ഫീസ് അടച്ച് മുൻകൂർ നിർമാണ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ അപേക്ഷകൻ ഫോം നമ്പർ ഒന്ന് അപേക്ഷാ ഫീസ് അടയ്ക്കാതെ മുൻകൂർ നിർമാണ അനുമതി വാങ്ങാതെയാണ് ബോട്ട് നിർമിച്ചിരിക്കുന്നത്. ഇൻലാൻഡ് വെസൽ ആക്ട് 2021 സെക്ഷൻ 87 (2) പ്രകാരം ഇത്തരത്തിൽ ബോട്ട് പണിയുകയാണെങ്കിൽ 10,000 രൂപ പിഴയീടാക്കാൻ വ്യവസ്ഥയുണ്ട്. ആക്ട് നാല്, 2021 പ്രകാരമുള്ള പിഴയീടാക്കി പ്രസ്തുത ബോട്ടിന്റെ സ്റ്റബിലിറ്റി തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ സർവേ ചെയ്യുന്ന സമയത്ത് പരിശോധിച്ച് റജിസ്ട്രേഷൻ നൽകാനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുന്നു’ – ഇതാണ് ചീഫ് എക്സിക്യുട്ടിവ് ഓഫിസറായ ടി.പി. സലിം കുമാർ ഈ കത്തിൽ കുറിച്ചിരിക്കുന്നത്.