ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തിൽ ബി.ജെ.പി പത്തിൽ കൂടുതൽ സീറ്റ് പ്രതീക്ഷിക്കുന്നു, സ്ത്രീ ശാക്തീകരണ പ്രവർത്തനം മറ്റുള്ളവർ മാതൃതയാക്കണം: കെ.സുരേന്ദ്രൻ

  1. Home
  2. Trending

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തിൽ ബി.ജെ.പി പത്തിൽ കൂടുതൽ സീറ്റ് പ്രതീക്ഷിക്കുന്നു, സ്ത്രീ ശാക്തീകരണ പ്രവർത്തനം മറ്റുള്ളവർ മാതൃതയാക്കണം: കെ.സുരേന്ദ്രൻ

Surendran


തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ? സംസ്ഥാന പ്രസിഡന്റ് പദം ഒഴിയുമ്പോൾ ചില പദവികൾ താങ്കൾക്കു ലഭിക്കുമെന്ന പ്രചാരണം ഉണ്ടല്ലോ? തിരഞ്ഞെടുപ്പ് പ്രതീക്ഷകളുമായി ബിജെപി സംസ്ഥാന പ്രസിഡന്റും വയനാട് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയുമായ കെ.സുരേന്ദ്രൻ, മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നതു വഴി ദേശീയ പ്രാധാന്യവും താങ്കൾക്കു ലഭിക്കുകയാണ്. രാഹുലാണ് എതിരാളി എന്നതു കൊണ്ടാണോ വയനാട്ടിൽ മത്സരിക്കാനുളള തീരുമാനം എന്നയിരുന്നു സുജിത് നായരുടെ ആദ്യ ചോദ്യം. ആ തീരുമാനം സംസ്ഥാന ഘടകത്തിന്റെ അല്ല. കേന്ദ്രനേതൃത്വത്തിന്റേതാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്നും അദ്ദേഹത്തിന്റെ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടണമെന്നും ബിജെപി ആഗ്രഹിക്കുന്നതു കൊണ്ടാണ് ആ തീരുമാനമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കെ.സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിലെ സ്ഥാനാർഥി താങ്കളാണ് എന്ന കാര്യത്തിൽ  നേരത്തേ ധാരണയായിരുന്നോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി പാലക്കാട് വന്ന ദിവസമാണ് ഇക്കാര്യത്തിൽ ഏതാണ്ട് ധാരണയായത്. അതിനു ശേഷം എന്നെ ഡൽഹിയിലേയ്ക്കു വിളിപ്പിച്ചു. അവിടെ നടന്ന ചർച്ചകളിലാണ് അന്തിമ തീരുമാനമായത്.  ഇത്തവണ സ്ഥാനാർഥിയാകുമെന്ന വിചാരം എനിക്കോ സംസ്ഥാന ഘടകത്തിനോ അതുവരെ ഉണ്ടായിരുന്നില്ലെന്ന്  കെ.സുരേന്ദ്രൻ മറുപടി നൽകി. 

സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിനു ബിജെപിയിൽ ഒരു സംവിധാനമുണ്ട്. ചർച്ച ചെയ്യുന്നതും തീരുമാനം എടുക്കുന്നതും ആരെല്ലാം എന്നതു വിശദീകരിക്കേണ്ട കാര്യമില്ല. ഇത്തരം കാര്യങ്ങളിൽ പ്രധാനപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിക്കപ്പെടാറുണ്ട്. അതു പാർട്ടിയുടെ ആഭ്യന്തര രീതിയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ ഞങ്ങൾ ഇതിനകം ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ മത്സരിച്ചിരുന്ന പല പ്രധാന നേതാക്കളും ഇത്തവണ മത്സര രംഗത്തില്ലല്ലോ. ജനറൽ സെക്രട്ടറിമാരിൽ തന്നെ രണ്ടു പേർ മത്സരരംഗത്തില്ല. പാർട്ടി പ്രവർത്തനം വിവിധ ക്ലസ്റ്ററുകളായി തിരിച്ച് നേതാക്കൾ അതിനു നേതൃത്വം നൽകുന്നു. ഈ സംവിധാനം ഉള്ളതിനാൽ ഞാൻ മത്സരിക്കുന്നത് പ്രചാരണത്തെ ബാധിക്കില്ല. വയനാട്ടിൽ പ്രവർത്തിക്കുമ്പോഴും സംഘടനാ കാര്യങ്ങളിലും പ്രചാരണത്തിലും ശ്രദ്ധിക്കാനും കഴിയും. അതിനുള്ള സൗകര്യങ്ങൾ ഇപ്പോൾ ഉണ്ടല്ലോ. നാമനിർദേശ പത്രിക നൽകിയ ശേഷം മറ്റു മണ്ഡലങ്ങളിലും പോകും.

വയനാട്ടിൽ യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റായാണ് ഞാൻ രാഷ്ട്രീയ രംഗത്തു ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പൊതു ജീവിതം ആരംഭിക്കുന്നതു തന്നെ അങ്ങനെയാണെന്നു പറയാം. യുവമോർച്ചയുടെ സംസ്ഥാന ഭാരവാഹിത്വങ്ങൾ വഹിക്കുന്നതും വയനാട്ടിൽ ഉള്ള കാലത്താണ്. എസ്റ്റേറ്റിലെ ജോലികൾ വൈകുന്നേരത്തോടെ കഴിയുമല്ലോ. വയനാട്ടിൽ പത്തു കൊല്ലം ഉണ്ടായിരുന്നു. അതിൽ ആറേഴു കൊല്ലം എസ്റ്റേറ്റിൽ ഉണ്ടായി. രണ്ടും ഒരുമിച്ചാണ് കൊണ്ടു പോയത്. കെ.സുരേന്ദ്രൻ പറയുന്നു. 

തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യത്തിന് നല്ല സംഖ്യയോടെ തന്നെ അക്കൗണ്ട് തുറക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. അതിനുള്ള പ്രവർത്തനമാണ് നടത്തുന്നത്.നല്ല സംഖ്യയോടെ തന്നെ അക്കൗണ്ട് തുറക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. അതിനുള്ള പ്രവർത്തനമാണ് നടത്തുന്നത്. കെ.സുരേന്ദ്രൻ പറഞ്ഞു. രണ്ടക്കം എന്നു പ്രധാനമന്ത്രി പറഞ്ഞതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടല്ലോ. രണ്ട് സീറ്റാണെന്നും രണ്ടക്ക നമ്പറെന്നു പറഞ്ഞാൽ പത്തോ അതിൽ കൂടുതലോ സീറ്റുകളുമാണ് എന്നും രണ്ടു വാദമുണ്ടായി. ഇക്കാര്യത്തിൽ വ്യക്തക്കുറവുണ്ടോ എന്നും സുജിത് നായർ ചോദിച്ചു. രണ്ടക്കം എന്നു പറഞ്ഞാൽ രണ്ടു സീറ്റല്ല, രണ്ടക്കം തന്നെയാണ്. പത്തോ അതിൽ കൂടുതലോ സീറ്റ് എന്നതു തന്നെ. അതാണ് ഞങ്ങളുടെ ലക്ഷ്യം എന്നായിരുന്നു മറുപടി. 

ബിജെപിക്കു പക്ഷേ ഒരു മണ്ഡലത്തിലും  രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നാണല്ലോ മുന്നണികൾ പറയുന്നത് ? എന്ന മറു ചോദ്യത്തിന് അത് അവരുടെ നിരാശയിലും വെപ്രാളത്തിൽ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളാണ്. കോൺഗ്രസ് പാർട്ടി നാനൂറിൽ കൂടുതൽ സീറ്റു കിട്ടി ഇന്ത്യ ഭരിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ അവർ നാൽപതു സീറ്റെങ്കിലും കിട്ടുമോ എന്ന വെപ്രാളത്തിലാണ്. പണ്ട് അങ്ങനെയായിരുന്നു ഇപ്പോഴും അങ്ങനെയാണ് എന്ന രീതി രാഷ്ട്രീയത്തിൽ ഇല്ല. രാഷ്ട്രീയത്തിൽ നിലവിൽ ഉള്ള കാര്യങ്ങളെ ഉള്ളൂ. ഇതു നരേന്ദ്രമോദിയുടെ യുഗമാണ്. അദ്ദേഹം ഇന്ത്യൻസമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയുടെ നായകനായി അദ്ദേഹം തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു പാടു പേർ കേരളത്തിലുമുണ്ട് എന്നും കെ.സുരേന്ദ്രൻ വിശദീകരിച്ചു. ചില മണ്ഡലങ്ങളിൽ ഞങ്ങളും യുഡിഎഫും തമ്മിലും ചിലയിടത്ത് ഞങ്ങളും എൽഡിഎഫും തമ്മിലാണ് മത്സരം. മറ്റു ചില മണ്ഡലങ്ങളിൽ യുഡിഎഫും എൽഡിഎഫും തമ്മിലുമാണ്. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചാണെങ്കിൽ വേറെ അഭിപ്രായം എനിക്കുണ്ട്. 

രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വളരെ വേഗം ഓടി മുന്നിലെത്തിക്കഴിഞ്ഞു. ശശി തരൂരിനെ പരാജയപ്പെടുത്താൻ കഴിയുന്ന ശക്തനും സമർഥനുമായ നേതാവും തിരുവനന്തപുരത്തിനു വികസനം കൊണ്ടുവരാൻ കഴിയുന്നയാളുമാണ് അദ്ദേഹമെന്ന് വോട്ടർമാക്ക് ബോധ്യമുണ്ട്. ബിജെപി ഇതര വിഭാഗങ്ങളിൽ നിന്ന് ഒരു ബിജെപി സ്ഥാനാർഥിക്കും ഇതുവരെ  ലഭിക്കാത്ത പിന്തുണയാണ് അനിൽ ആന്റണിക്കു പത്തനംതിട്ടയിൽ ലഭിക്കുന്നത്. ഈ രണ്ടു സ്ഥാനാർഥികളും ജയിക്കുമെന്ന കാര്യത്തിൽ ‍ഞങ്ങൾക്കു സംശയമില്ല. ഒരു മുന്നണിയും ഇന്നു വരെ സ്ത്രീകൾക്കു നൽകാത്ത പ്രാതിനിധ്യം നൽകാനായതിൽ  ഞങ്ങൾക്ക് അഭിമാനമുണ്ട്. ആ വിഭാഗത്തിൽ നിന്ന് വലിയ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിക്കുന്നുണ്ട്. തൃശൂരിലെ സ്ത്രീ ശക്തി സംഗമം കണ്ട എല്ലാവർക്കും അത് ബോധ്യമായിട്ടുണ്ടാകും. ഇത്തവണ സ്ത്രീകളുടെ വോട്ട് കൂടുതൽ ലഭിക്കുന്ന മുന്നണി ഞങ്ങളുടേതായിരിക്കും. മറ്റു പാർട്ടികൾ ഇതു മാതൃകയാക്കുകയാണ് വേണ്ടത്. രാഹുൽ ഗാന്ധിയുടേയും പിണറായി വിജയന്റെയും സ്ത്രീ ശാക്തീകരണ പ്രഖ്യാപനങ്ങളിൽ ആത്മാർഥത ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.  കെ.സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി