മോദിക്ക് മുന്നിൽ ലോക്സഭാ സ്പീക്കർ ഓം ബിർള തലകുനിച്ച് വണങ്ങി; വിമർശിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ലോക്സഭാ സ്പീക്കർ ഓം ബിർള തലകുനിച്ച് വണങ്ങിയതിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തിനാണ് സ്പീക്കർ പ്രധാമന്ത്രിക്ക് മുന്നിൽ തലകുനിച്ച് വണങ്ങിയത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാഹുലിന്റെ ചോദ്യത്തെ തുടർന്ന് സഭയിൽ വാക്കേറ്റമുണ്ടായി. സ്പീക്കർ സഭയിൽ എല്ലാറ്റിനും മുകളിലാണെന്നും ആരുടെയും മുന്നിൽ തലകുനിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'നിങ്ങൾ എനിക്ക് കൈ തന്നപ്പോൾ നിവർന്നു നിന്നതായി ഞാൻ ശ്രദ്ധിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈ കൊടുത്തപ്പോൾ വണങ്ങി', രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പ്രതിപക്ഷം പിന്തുണച്ചപ്പോൾ എൻഡിഎ എംപിമാർ എതിർത്തു.