ഷിരൂരിലെ തിരച്ചില്‍; ബമ്പറും ലോറിയില്‍ കെട്ടിയ കയറും കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന് മനാഫ്

  1. Home
  2. Trending

ഷിരൂരിലെ തിരച്ചില്‍; ബമ്പറും ലോറിയില്‍ കെട്ടിയ കയറും കിട്ടി; അർജുന് ഓടിച്ച ലോറിയുടേതെന്ന് മനാഫ്

Arjun


കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ലോറിയുടെ ബമ്പറും മണ്ണിടിച്ചിലിൽ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും  കിട്ടിയതായി റിപ്പോർട്ട്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് അർജുന്റെ ലോറിയുടെ ബമ്പർ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

കണ്ടെത്തിയത് കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ്  പ്രതികരിച്ചു. ഇനിയും നീളത്തിൽ കയർ ഉണ്ട്. ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറ‍ഞ്ഞു.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്പർ ലഭിച്ചിരിക്കുന്നത്. ബമ്പറിന് പുറമെ ഒരു ബാ​ഗും കിട്ടിയിരുന്നു. എന്നാൽ, ബാ​ഗ് അർജുന്റേതല്ലെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്.

'നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്പറാണ്. ആദ്യം മുതല്‍ അവിടെ തിരയാന്‍ പറഞ്ഞിരുന്നു. തിരയുന്നില്ലെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. കണ്ടെത്തിയ ഭാഗം തിരിച്ചറിയുന്നതിന് അധികൃതർ വിളിച്ചിട്ടുണ്ട്', മനാഫ് പറഞ്ഞു.

ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം.

പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.