ത്രിഭാഷാ നയത്തിൽനിന്നു പിന്മാറി മഹാരാഷ്ട്ര സർക്കാർ

  1. Home
  2. Trending

ത്രിഭാഷാ നയത്തിൽനിന്നു പിന്മാറി മഹാരാഷ്ട്ര സർക്കാർ

maharashtra    


ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്നും മഹാരാഷ്ട്ര സർക്കാർ പിന്മാറി. വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് പിന്മാറ്റം.  ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ത്രിഭാഷാ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയത്. 

ത്രിഭാഷാ നയം പ്രായോഗികമാണോ, അത് എങ്ങനെ നടപ്പിലാക്കണം എന്നീ കാര്യങ്ങളിൽ നിർദേശം സമർപ്പിക്കാൻ വിദ്യാഭ്യാസ വിദ​ഗ്ധൻ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഈ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കും. അതുവരെ, സർക്കാർ മുമ്പ് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളും റദ്ദാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ധവ് താക്കറെ സർക്കാരിന്റെ കാലത്ത് ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാർശ അംഗീകരിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ഏപ്രിൽ 16നാണ് ഇംഗ്ലിഷിനും മറാഠിക്കും പുറമെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠനം കൂടി നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ തീരുമാനമെടുത്തത്. പ്രതിപക്ഷമായ മഹാവികാസ് അഘാഡി, ശിവസേന ( ഉദ്ധവ് താക്കറെ), എൻസിപി, മഹാരാഷ്ട്ര നവനിർമ്മാൺ സേന തുടങ്ങിയ പാർട്ടികൾ സർക്കാർ തീരുമാനത്തിനെതിരെ രം​ഗത്തെത്തിയിരുന്നു.