ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ വർഗീയ സംഘർഷം; മഹാരാഷ്ട്രയിൽ ഒരു മരണം 13 പേർക്ക് പരിക്ക്

  1. Home
  2. Trending

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ വർഗീയ സംഘർഷം; മഹാരാഷ്ട്രയിൽ ഒരു മരണം 13 പേർക്ക് പരിക്ക്

maha


മഹാരാഷ്ട്രയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഹമ്മദ്നഗർ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘർഷമുണ്ടായത്. വർഗീയ കലാപം മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ പൊലീസ് ഇതുവരെ 132 പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ ഇതുവരെ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിലെ മതപരമായ പോസ്റ്റിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. അകോലയിലെ ഓൾഡ് സിറ്റി ഏരിയയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ചില ഭാഗങ്ങളിൽ പൊലീസ് കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിനിടെ ഇരുവിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. 

ഷെവ്ഗാവ് ഗ്രാമത്തിൽ ഞായറാഴ്ച രാത്രി ഘോഷയാത്രയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കല്ലേറിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വ്യാജ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ അകോലയിലും ഷെവ്ഗാവിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അകോലയിൽ ചിലയിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. അകോലയിലെയും ഷെവ്ഗാവിലെയും അക്രമത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പൊലീസിന് നിർദ്ദേശം നൽകി.