കേരള പൊലീസ് മേധാവി തലത്തിൽ വൻ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവിമാർക്ക് ഉൾപ്പടെ സ്ഥലംമാറ്റം
കേരള പൊലീസ് മേധാവിമാരിൽ വൻ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാർക്ക് ഉൾപ്പടെ സ്ഥലംമാറ്റമുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനെ മാറ്റി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ്.ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.
കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സുപ്രണ്ടായി നിയമിച്ചിട്ടുണ്ട്. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കിരൺ നാരായണനെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. നവനീത് ശർമ്മയെ തൃശൂർ റൂറൽ എസ്.പിയായും നിയമിച്ചു.
ഇടുക്കി ജില്ലാ പൊലീസ് മേധാവി കുര്യക്കോസ് വി.യുവാണ് പുതിയ ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി സുനിൽ എം.എല്ലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സുപ്രണ്ടായി നിയമിച്ചു.
കാസർകോട് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയെ എറണാകുളം റൂറൽ എസ്.പിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ബി.ജോയിയാണ് കാസർകോട് ജില്ലാ പൊലീസ് മേധാവി. ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് സാബു മാത്യുവിനെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു.
എറണാകുളം വിജിലൻസ്& ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് സുദർശനൻ കെ.എസിനെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണറായി നിയമിച്ചു. വിവേക് കുമാറാണ് പുതിയ കൊല്ലം സിറ്റി പൊലീസ് കമീഷണർ.