മലയാളി യുവാക്കൾ തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ യുദ്ധമുഖത്ത് അകപ്പെട്ട സംഭവം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
കേരളത്തിൽ നിന്നുള്ള യുവാക്കൾ തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ യുദ്ധമുഖത്ത് അകപ്പെട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യമ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞ് റഷ്യയിലെത്തിയ മലയാളി യുവാക്കളാണ് യുദ്ധഭൂമിയിൽ നിയോഗിക്കപ്പെട്ടത്. അഞ്ചുതെങ്ങിൽ നിന്നുള്ള പ്രിൻസ്, ടിനു, വിനീത് എന്നിവരുടെ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഗൗരവമുള്ള സാഹചര്യമെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിക്ക് കത്തച്ചത്. കൂടുതൽ പേർ യുദ്ധമുഖത്ത് കുടുങ്ങിയുട്ടുണ്ടെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മൂന്ന് പേരും ഉൾപ്പെടെ യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തേക് തിരികെയെത്തിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
തുമ്പ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റ് വഴിയാണ് അഞ്ചുതെങ്ങിൽ നിന്നുള്ള മൂന്ന് യുവാക്കളും റഷ്യയിലെത്തിയത്. കൂട്ടത്തിൽ പ്രിൻസിനാണ് യുദ്ധത്തിനിടെ ഗുരുതരമായി പരുക്കേറ്റത്. ടിനുവും വിനീതും ഇപ്പോഴും യുദ്ധമുഖത്ത് തുടരുകയാണെന്നാണ് ഒടുവിലായി ലഭിച്ച വിവരം.