അഖിലേഷും മമതയും ഒന്നിക്കുന്നു; കോൺഗ്രസിനെ ഒഴിവാക്കി പുതിയ മുന്നണിക്ക് നീക്കം

കോൺഗ്രസിനെ ഉൾപ്പെടുത്താതെ ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കാൻ വീണ്ടും നീക്കം. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. ഇതോടൊപ്പം ബിജു ജനതാദൾ നേതാവ് നവീൻ പട്‌നായികിനെ കൂടി മുന്നണിയിൽ ഉൾപ്പെടുത്താൻ മമത ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മമത അടുത്ത ആഴ്ച നവീൻ പട്‌നായികിനെ കാണും. പ്രതിപക്ഷത്തിന്റെ മുഖമാക്കി രാഹുൽ ഗാന്ധിയെ മാറ്റുന്നതിനെ മറികടക്കാനാണ് ഇവരുടെ ശ്രമം.
രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. പ്രതിപക്ഷത്തിന്റെ ബിഗ് ബോസ് ആണ് കോൺഗ്രസ് എന്നത് തെറ്റിദ്ധാരണയാണ്. മാർച്ച് 23ന് മമതാ ബാനർജി നവീൻ പട്‌നായികിനെ കാണുന്നുണ്ട്. പുതിയ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് അവർ ചർച്ച ചെയ്യും. മൂന്നാം മുന്നണിയാണ് ഈ പുതിയ സഖ്യമെന്ന് പറയുന്നില്ല. പക്ഷെ ബി.ജെ.പിയെ നേരിടാനുള്ള കരുത്ത് പ്രാദേശിക പാർട്ടികൾക്കുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ദോപാധ്യായ പറഞ്ഞു.
ബംഗാളിൽ മമതയ്ക്കാണ് തങ്ങളുടെ പിന്തുണയെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ബി.ജെ.പിയിൽനിന്നും കോൺഗ്രസിൽനിന്നും തുല്യ അകലം പാലിക്കും. ബി.ജെ.പി വാക്‌സിനെടുത്താൽ സി.ബി.ഐ, ഇ.ഡി, ഇൻകം ടാക്‌സ് എന്നിവരെ ഭയപ്പെടേണ്ടെന്നും അഖിലേഷ് പരിഹസിച്ചു. ഇതിനിടെ ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം കാണിച്ച് ഇന്നും ബി.ജെ.പി പാർലമെന്റ് തടസ്സപ്പെടുത്തി. പ്രസ്താവനയിൽ രാഹുൽ ഗാന്ധി മാപ്പ് പറയുന്നത് വരെ പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.