കൊൽക്കത്തയിൽ ഡോക്ടറുടെ കൊലപാതകം; കുടുംബത്തോട് മാപ്പ് പറഞ്ഞ് മമത
കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എക്‌സിലാണ് മമതയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടന ഛാത്ര പരിഷദിന്റെ സ്ഥാപക ദിനം കൊല്ലപ്പെട്ട യുവതിക്ക് സമർപ്പിക്കുന്നുവെന്നും മമത പറഞ്ഞു.
'ഇന്ന് തൃണമൂൽ ഛാത്ര പരിഷദിന്റെ സ്ഥാപകദിനം ആർ.ജി.കർ ആശുപത്രിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട നമ്മുടെ സഹോദരിക്കായി ഞാൻ സമർപ്പിക്കുന്നു. ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങൾക്ക് ഇരയാകേണ്ടി വരുന്ന എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കൊപ്പമാണ് ഞങ്ങൾ. മാപ്പ്'-മമത എക്‌സിൽ പറഞ്ഞു. വിദ്യാർഥികൾക്കും യുവാക്കൾക്കും സമൂഹത്തിൽ വലിയ പങ്കുണ്ടെന്നും മമത കൂട്ടിച്ചേർത്തു.
സമൂഹത്തെയും സംസ്‌കാരത്തെയും ഉണർത്തിക്കൊണ്ട് പുതിയ ദിവസത്തിലേക്കുള്ള സ്വപ്നം നെയ്യേണ്ടതും പുതിയ നാളെയുടെ തെളിച്ചമാർന്ന ശപഥങ്ങൾ കൊണ്ട് ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കേണ്ടതും വിദ്യാർഥി സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതിനായുള്ള ശ്രമങ്ങളിൽ തുടരണമെന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. പ്രതിജ്ഞാബദ്ധതയോടെ തുടരണം. പ്രിയപ്പെട്ട വിദ്യാർഥികളെ ആരോഗ്യത്തോടെ, തെളിച്ചമുള്ള ഭാവിക്കായി പ്രതിജ്ഞാബദ്ധതയോടെ തുടരൂവെന്നും മമത പറഞ്ഞു.