വിമാനത്തിൽ പുകവലിച്ചു; ജ്യാമത്തുക നൽകാതിരുന്ന പ്രതിയെ ജയിലിലേക്ക് മാറ്റി

എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത യാത്രക്കാരനെ ജയിലിലേക്ക് മാറ്റി. അന്ധേരി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് വിധിച്ച ജാമ്യത്തുകയായ 25,000 രൂപ കെട്ടിവെക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്. ഓൺലൈനിൽ പരിശോധിച്ചപ്പോള്‍ ഐ.പി.സി പ്രകാരം 250 രൂപ പിഴ അടച്ചാൽ മതിയെന്നാണ് കണ്ടതെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും പ്രതി രത്നാകര്‍ ദ്വിവേദി കോടതിയിൽ വാദിച്ചു.
മാർച്ച് 10 നായിരുന്നു രത്നാകര്‍ ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യയുടെ ലണ്ടൻ - മുംബൈ ഫ്ലൈറ്റിന്‍റെ ശുചിമുറിയില്‍ പുകവലിച്ചതിനായിരുന്നു അറസ്റ്. സെക്ഷൻ 336, ജീവന് ആപത്തുണ്ടാക്കുന്ന പ്രവർത്തി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിമാനത്തിൽ പുകവലിച്ചത് കൂടാതെ ജീവനക്കാരോട് ഇയാൾ തട്ടിക്കയറിയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. പൈലറ്റിന്റെ വാക്കാലും രേഖാമൂലമുള്ളതുമായ നിർദേശങ്ങൾ പ്രതി പാലിച്ചില്ലെന്നും വിമാനത്തിൽ അസ്വസ്ഥത ഉണ്ടാക്കി യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാന്‍ ശ്രമിച്ചെന്നും മുംബൈ പൊലീസ് പറഞ്ഞു.