സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

  1. Home
  2. Trending

സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

death


കോഴിക്കോട് സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി കരിങ്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പുതിയകുന്നേൽ അബിൻ ബിനു(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ രോഗിയായ സുഹൃത്തിനെ കാണാൻ അബിൻ ആശുപത്രിയിലെത്തി. ഒരു മണിക്കൂറോളം സുഹൃത്ത് ശരത്തുമായി അബിൻ സംസാരിച്ച് നിൽക്കുകയായിരുന്നു. 

ഇതിനിടെ രാത്രി 10.30ഓടെ ആശുപത്രിയിലെ കാന്റീനിന് സമീപത്തെ ചെടിയിൽ കെട്ടിയിരുന്ന വയറിൽ നിന്നാണ് അബിന് ഷോക്കേറ്റത്. താഴെ വീണുകിടന്ന വയറിൽ അബിൻ ചവിട്ടിയപ്പോൾ ഷോക്കേൽക്കുകയായിരുന്നു എന്നാണ് സുഹൃത്ത് അറിയിച്ചത്. അബിനെ പിടിച്ചുമാറ്റാൻ ശ്രമിക്കവെ സുഹൃത്തിനും ഷോക്കേറ്റു. തുടർന്ന് മറ്റൊരാളോടൊപ്പം അബിനെ പിടിച്ചുമാറ്റിയ ശേഷം ആശുപത്രി അധികൃതരോട് വിവരം അറിയിച്ചപ്പോൾ കറന്റ് പ്രശ്നങ്ങളില്ലെന്നാണ് അവർ പ്രതികരിച്ചത്. അബിനെ കിടത്താൻ ഒരു സ്ട്രെച്ചർ പോലും ആശുപത്രി അധികൃതർ നൽകിയില്ലെന്ന് സുഹൃത്ത് പറഞ്ഞു. ശേഷം ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന്മുൻപുതന്നെ അബിൻ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.