അവിഹിത ബന്ധം ഉണ്ടെന്ന് സംശയം; ഭാര്യയേയും രണ്ട് പെൺമക്കളേയും വീടിനുള്ളിലിട്ട് കത്തിച്ച് 45കാരൻ

  1. Home
  2. Trending

അവിഹിത ബന്ധം ഉണ്ടെന്ന് സംശയം; ഭാര്യയേയും രണ്ട് പെൺമക്കളേയും വീടിനുള്ളിലിട്ട് കത്തിച്ച് 45കാരൻ

Fire


ഭാര്യയേയും രണ്ട് പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് തീ വച്ച കർഷകൻ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടിൽ വച്ചാണ് സുനിൽ ലാങ്കടേ എന്ന 45കാരൻ 13, 14 വയസുള്ള പെൺമക്കളേയും 36കാരിയായ ഭാര്യയേയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് സുനിൽ വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു.

തിങ്കളാഴ്ച രാവിലെ ഭാര്യയേയും പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു 45കാരൻ ചെയ്തത്. സംഭവത്തിൽ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ തീ പിടിച്ചതോടെ ലീലയും മക്കളും സഹായത്തിനായി കരഞ്ഞ് നിലവിളിച്ചെങ്കിലും സഹായിക്കാൻ സുനിൽ ശ്രമിച്ചില്ല. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേയ്ക്കും വീട് ഏറെക്കുറെ പൂർണമായി കത്തിയമർന്നിരുന്നു. സാരമായി പൊള്ളലേറ്റ മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കർഷകനായിരുന്ന സുനിൽ അടുത്തിടെ ഓട്ടോ റിക്ഷ ഓടിക്കാൻ ആരംഭിച്ചിരുന്നു.

ഞായറാഴ്ച ഓട്ടോറിക്ഷ കേടായെന്ന് പറഞ്ഞാണ് പരിചയമുള്ള പെട്രോൾ പമ്പിൽ നിന്ന് ഇയാൾ ഇന്ധനം വാങ്ങിയത്. കൊല്ലപ്പെട്ട പെൺമക്കളേ കൂടാതെ മൂന്ന് മക്കൾ കൂടിയുണ്ട് ദമ്പതികൾക്ക്. ഇവർ ബന്ധുവീടുകളിൽ ആയതാണ് കുട്ടികൾക്ക് രക്ഷയായത്. ഇന്ത്യൻ ശിക്ഷാ നിയമം 302, 342, 504, 506 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.