കടം വാങ്ങിയ 5 ലക്ഷം തിരികെ നൽകാത്തതിനെ തുടർന്ന് ബന്ധുവിൻറെ വീടിന് തീവെച്ച് യുവാവ്

വളരെക്കാലം നീണ്ടു നിന്ന സാമ്പത്തിക തർക്കത്തെതുടർന്ന് ബംഗളൂരു വിവേക് നഗറിൽ യുവാവ് ബന്ധുവിൻറെ വീടിനു തീവെച്ചു. ജൂലൈയ് 1ന് രാവിലെ 5.30നാണ് സംഭവം നടന്നത്. ഇതിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം പുറത്തു വന്നു. വെങ്കട്ട രമണി, മകൻ സതീഷ് എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ഇവരുടെ ബന്ധുവായ സുബ്രമണി ആണ് അറസ്റ്റിലായത്. ഏകദേശം 8 വർഷം മുമ്പ് പരാതിക്കാരൻറെ ബന്ധു പാർവതി, വെങ്കട്ടരാമൻറെ പക്കൽ നിന്ന് 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും അവർ പണം തിരികെ നൽകാൻ തയാറായില്ല. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വെച്ച് വീണ്ടു പണം തിരികെ ചോദിച്ചത് തർക്കത്തിലേക്ക് വഴി വെക്കുകയായിരുന്നു. തുടർന്ന് തീവെപ്പിൽ കലാശിക്കുകയും ചെയ്തു.
സതീഷ് ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി വീടിനു തീവെച്ചത്. തൻറെ സഹോദരനും അമ്മയും ആ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്നുവെന്ന് സതീഷ് പറഞ്ഞു. വീടിൻറെ മുൻവാതിലിലും ചെരുപ്പ് വെക്കുന്ന സ്റ്റാൻഡിലും കിടപ്പു മുറിയിലെ ജനാലയിലും പെട്രോൾ ഒഴിച്ചു. തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വീട്ടിലുള്ളവരെ വിവരമറിയിച്ച് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വീടിൻറെ മുൻ ഭാഗത്ത് തീപിടിച്ചു നശിച്ചിരുന്നു. ആർക്കും പരിക്കില്ല. സംഭവത്തിൽ വിവേക് നഗർ പൊലീസ് എഫ്.ഐ.ആർ രജിസറ്റർ ചെയ്തു.