ഇടുക്കിയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു, രക്ഷിക്കാനെത്തിയ ബന്ധുവിനും പൊള്ളലേറ്റു; മരണത്തില്‍ ദുരൂഹത

  1. Home
  2. Trending

ഇടുക്കിയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു, രക്ഷിക്കാനെത്തിയ ബന്ധുവിനും പൊള്ളലേറ്റു; മരണത്തില്‍ ദുരൂഹത

dead


ഇടുക്കിയില്‍ ശരീരത്തില്‍ ടിന്നറൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. തീപിടിത്തത്തില്‍ ബന്ധുവിനും പൊള്ളലേറ്റു. നെടുങ്കണ്ടം ചക്കക്കാനത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ഷോപ്പിലെ ജീവനക്കാരനായ കരുനാഗപ്പള്ളി സ്വദേശി ജയിംസ് മാത്യു (സജി 56) ആണ് മരിച്ചത്. വര്‍ക്ഷോപ് ഉടമ ലാലുവിനാണു പൊള്ളലേറ്റത്. മരണത്തില്‍ ദുരൂഹ ആരോപണമുയര്‍ത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയാണ് സംഭവം.

വര്‍ക്ഷോപ്പിനു സമീപത്തെ കെട്ടിടത്തിലാണ് ഇരുവരും താമസിക്കുന്നത്. ഞായര്‍ രാത്രി താമസസ്ഥലത്ത് വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ലാലു പൊലീസിനോട് പറഞ്ഞിരിക്കുന്നതിങ്ങനെ: തിന്നര്‍ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സജിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റത്. ഓടിക്കൂടിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ സജിയെ സമീപവാസികള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കുടുംബവുമായി അകന്നു കഴിയുകയാണ് സജി. ഇതിനിടെ ബന്ധുവായ ലാലിന്റെ വര്‍ക്ഷോപ്പില്‍ പെയിന്റിങ് ജോലിക്കായി എത്തി. നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു, എസ്‌ഐ പി.ജെ.ചാക്കോ എന്നിവരടങ്ങിയ സംഘം തീപിടിത്തമുണ്ടായ കെട്ടിടം പരിശോധിച്ചു. ഫൊറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. കെട്ടിടത്തില്‍ താമസിച്ചിരുന്ന 2 അതിഥിത്തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. നിര്‍ണായകമായ സൂചനകള്‍ ഇവരില്‍ നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്.