മംഗലൂരു ഓട്ടോ സ്ഫോടനം; പ്രതി ഷാരിഖ് ആലുവയിലെത്തി,അന്വേഷണം കേരളത്തിലേക്ക്

  1. Home
  2. Trending

മംഗലൂരു ഓട്ടോ സ്ഫോടനം; പ്രതി ഷാരിഖ് ആലുവയിലെത്തി,അന്വേഷണം കേരളത്തിലേക്ക്

mangaluru blast


മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം കേരളത്തിലേക്കും. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് ആലുവയിലും എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആലുവയില്‍ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി.

പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കര്‍ണാടക പൊലീസ് പറഞ്ഞു. ഐഎസിനോട് കടുത്ത ആഭിമുഖ്യമുള്ളയാളായിരുന്നു ഷാരിഖ്. ഡാര്‍ക്ക് വെബ് വഴിയാണ് കൂട്ടാളികളുമായി ഇയാള്‍ ബന്ധപ്പെട്ടത്. ഇയാള്‍ ബന്ധപ്പെട്ടവരില്‍ ഒരു സംഘടന ഐഎസ് ആഭിമുഖ്യമുള്ള അല്‍ ഹിന്ദ് ആണെന്നും കര്‍ണാടക പൊലീസ് എഡിജിപി അലോക് കുമാര്‍ പറഞ്ഞു.

ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. മംഗലാപുരം നഗരത്തില്‍ വലിയ സ്ഫോടനത്തിനാണ് ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍ അബദ്ധത്തില്‍ ഓട്ടോറിക്ഷയില്‍ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കര്‍ണാടക പൊലീസിന്റെ നിഗമനം. മംഗലൂരുവിലെ സ്ഫോടനത്തിന് പിന്നില്‍ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.  

ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്ന് എഡിജിപി പറഞ്ഞു. സ്ഫോടനത്തിന് ഉപയോഗിച്ച വെടിമരുന്നില്‍ മുഖ്യഘടകം പൊട്ടാസ്യം നൈട്രേറ്റാണ്. സ്ഫോടനത്തിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണ്. ഇവ പിന്നീട് വാടക വീട്ടില്‍ വെച്ച് യോജിപ്പിച്ച് ബോംബ് ഉണ്ടാക്കുകയായിരുന്നു.