മംഗളൂരു സ്ഫോടനത്തിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു, യുഎപിഎ കേസിലെ പ്രതിയെന്ന് പൊലീസ്

  1. Home
  2. Trending

മംഗളൂരു സ്ഫോടനത്തിലെ സൂത്രധാരനെ തിരിച്ചറിഞ്ഞു, യുഎപിഎ കേസിലെ പ്രതിയെന്ന് പൊലീസ്

blast


മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ സൂത്രധാരനെ തിരിച്ചറിഞ്ഞു. മംഗളൂരു സ്ഫോടനത്തിന് പിന്നില്‍ ശിവമോഗ സ്വദേശി ഷാരിക് എന്നയാളെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും സ്ഫോടനത്തില്‍ പങ്കുള്ളതായി സൂചനയുണ്ട്.

മംഗളൂരുവിലെ കന്‍കനഡി പ്രദേശത്ത് ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കെ ഓട്ടോയില്‍ പൊട്ടിത്തെറിയുണ്ടായത്. ഷാരിക്കിനെ 2020ല്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഷാരിക്, മൈസൂരുവില്‍ താമസിക്കുകയായിരുന്നു. മറ്റൊരാളുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇയാള്‍ അവിടെ താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

കര്‍ണാടക ഹുബ്ലള്ളി സ്വദേശിയായ റെയില്‍വേ ജീവനക്കാരന്റെ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡാണ് ഷാരിക് ദുരുപയോഗം ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു. രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണയാണ് റെയില്‍വേ ജീവനക്കാരന് ആധാര്‍ കാര്‍ഡ് നഷ്ടമായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓട്ടോറിക്ഷയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് കര്‍ണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. സ്ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.