ടിനി ടോമിനെതിരെ നടൻ മണിയൻപിള്ള രാജു

ടിനി ടോമിനെതിരെ നടൻ മണിയൻപിള്ള രാജു രംഗത്ത്. കഴിഞ്ഞ ദിവസം പ്രേം നസീറിനെക്കുറിച്ച് ടിനി പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. അവസാനകാലത്ത് അവസരം കുറഞ്ഞതിൽ വിഷമിച്ചാണ് നസീർ മരിച്ചതെന്നാണ് ടിനി പറഞ്ഞത്. വിവാദം ആയതോടെ തന്നോട് ഇക്കാര്യം പറഞ്ഞത് നടനും നിർമാതാവുമായ മണിയൻപിള്ള രാജുവാണെന്നാണ് ടിനി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ മണിയൻപിള്ള രാജുവിന്റെ പ്രതികരണം. ടിനിക്കെതിരെ തുറന്നടിക്കുന്ന മണിയൻപിള്ള രാജുവുമായുള്ള ഫോൺ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത് സംവിധായകൻ ആലപ്പി അഷ്‌റഫ് ആണ്. താൻ ഒരിക്കലും അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല. ടിനി തന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് മണിയൻപിള്ള രാജു പറയുന്നത്. അതേസമയം ടിനി ടോമിനെതിരെ നസീർ ഫൗണ്ടേഷൻ കേസ് നൽകിയിട്ടുണ്ടെന്ന് ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്.
''ഒരിക്കലുമില്ല. ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദേഹത്തിന്റെ കൂടെ പത്ത് പതിനഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ എല്ലാ ഇന്റർവ്യുകളിലും, പ്രസംഗിക്കുമ്പോഴും പറയാറുണ്ട് ഇത്രയും ദൈവതുല്യനായ ഒരാളെ കണ്ടിട്ടില്ല എന്ന്. വർഷാ വർഷം നടക്കുന്ന നസീർ സാറിന്റെ പരിപാടികളിൽ ഞാൻ പോയി സംസാരിക്കാറുണ്ട്'' എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. ഈ ടിനി ടോം മുമ്പും മണ്ടത്തരങ്ങൾ പറഞ്ഞ് വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്. എന്തിനാണ് ഇത്ര മഹാനായൊരാളെപ്പറ്റി മോശമായി സംസാരിക്കുന്നതു? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു എന്നും ടിനിക്കെതിരെ മണിയൻപിള്ള രാജു തുറന്നടിക്കുന്നുണ്ട്. മരിച്ചു പോയ ഒരാളാണ്. ദൈവ തുല്യനായ മനുഷ്യനാണ്. ഏറ്റവും കൂടുതൽ നായകനായതിന്റെ റെക്കോർഡുള്ള മനുഷ്യനാണെന്നും നസീറിനെക്കുറിച്ച് മണിയൻപിള്ള രാജു പറയുന്നു.
''അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ടിനിയെ കല്ലെറിയും. അദ്ദേഹത്തെ അത്രയും ആരാധിക്കുന്നവരുണ്ട്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ആരോ കേസ് കൊടുത്തിട്ടുണ്ട്. ഞാൻ അങ്ങനെ പറയില്ലെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തെക്കുറിച്ച് ഞാൻ എത്രയോ തവണ എഴുതിയിട്ടുമുള്ളതാണ്. രണ്ട് പടം വന്നാൽ പണ്ട് നടന്ന പരിസരം മറക്കും ഇവരെല്ലാം'' എന്നും മണിയൻപിള്ള രാജു പറയുന്നു.