മാവോയിസ്റ്റുകൾക്കായി ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലും വ്യാപക തെരച്ചിൽ; വനത്തിൽ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം നിരീക്ഷണത്തില്‍

രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായുള്ള തെരച്ചില്‍ തുടര്‍ന്ന് തണ്ടർബോൾട്ട് സംഘം. ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലുമാണ് വ്യാപക തെരച്ചിൽ.
തിങ്കളാഴ്ച രാവിലെ അയ്യൻകുന്നിൽ നടന്ന വെടിവെപ്പിൽ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലാണ് ശക്തമായി നടക്കുന്നത്.
രാത്രിയിലും മാവോയിസ്റ്റുകൾ, തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന്റെ മുന്നിൽപ്പെട്ട് വെടിയുതിർത്തു. തിരിച്ചു വെടിവെച്ചെങ്കിലും ആരെയും പിടികൂടാൻ സേനയ്ക്ക് കഴിഞ്ഞില്ല. വനത്തിൽ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.
രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഞെട്ടിത്തോട് ഷെഡുകളിൽ മാവോയിസ്റ്റുകൾ ഭക്ഷണം പാകം ചെയ്തതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ ആരും കസ്റ്റഡിയിൽ ഇല്ലെന്നും ആയുധങ്ങൾ കണ്ടെടുത്തെന്നും ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കി. കൂടുതൽ സേന ഉൾവനത്തിൽ തുടരുകയാണ്. എട്ട് മാവോയിസ്റ്റുകൾ ഉൾവനത്തിലുണ്ടെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യന്‍കുന്ന് മേഖലയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോൾ കാട്ടിൽ ഉണ്ടായിരുന്നത് എട്ട് മാവോയിസ്റ്റുകളാണെന്നാണ് എഫ്ഐആർ. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും ഇന്നലെ രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി.