ഭർത്താവിനെ കാണാതായിട്ട് എട്ടുവർഷം; ഇൻസ്റ്റഗ്രാം റീലിൽ തിരിച്ചറിഞ്ഞ് ഭാര്യ
എട്ടുവർഷമായി കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റീലിൽ തിരിച്ചറിഞ്ഞ് ഭാര്യ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചെന്ന ഷീലുവിന്റെ പരാതിയിൽ ജിതേന്ദ്രയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 2018 ൽ ഗർഭിണിയായ ഭാര്യ ഷീലുവിനെ ഉപേക്ഷിച്ച് പഞ്ചാബിലെ ലുധിയാനയിൽ താമസം മാറിയ ഇയാൾ അവിടെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരാർനഗർ സ്വദേശിയായ ഷീലു ഇൻസ്റ്റാഗ്രാം വിഡിയോയിൽ ഭർത്താവിനെ കണ്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്രയെ കണ്ടെത്തുന്നത്.
അതേസമയം തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ് ജിതേന്ദ്രയുടെ പിതാവ് 2018 ൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഷീലുവിന്റെ ബന്ധുക്കളുടെ പെരുമാറ്റം ശരിയല്ലെന്ന് ജിതേന്ദ്രയുടെ കുടുംബം ആരോപിച്ചിരുന്നു. സബ് ഇൻസ്‌പെക്ടർ രജനീകാന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലുധിയാനയിൽ നിന്നാണ് ജിതേന്ദ്രയെ പിടികൂടിയത്. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
