സംസ്ഥാനത്തെ കലാലയങ്ങളിൽ വൻ കഞ്ചാവ് വേട്ട; പരിശോധന വ്യാപിപ്പിച്ച് പൊലീസ്

സംസ്ഥാനത്തെ കോളേജുകളിൽ വൻ കഞ്ചാവ് വേട്ട. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരത്തും പൊലീസ് വ്യാപകമായി പരിശോധന നടത്തുന്നു. ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായാണ് പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോളേജ് ഹോസ്റ്റലുകൾ, കാൻ്റീനുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ടാണ് നടപടി.എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലാണ് പരിശോധന.
കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു. രണ്ട് കിലോയോളം വരുന്ന കഞ്ചാവ് മൂന്ന് പേരുടെ മുറിയിൽ നിന്നാണ് പിടിച്ചെടുത്തത്. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോ കഞ്ചാവും കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയിൽ നിന്ന് ഒൻപത് ഗ്രാം കഞ്ചാവുമായിരുന്നു പിടികൂടിയത്. അഭിരാജിനേയും ആദിത്യനേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.ആകാശിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ പെരിയാര്‍ ഹോസ്റ്റലിലെ എഫ് 39 മുറിയാണ് അഭിരാജും ആദിത്യനും ഉപയോഗിച്ചിരുന്നത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇതിന് പുറമേ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കഞ്ചാവ് വലിക്കാന്‍ നിര്‍മിച്ച ക്രമീകരണങ്ങളും പൊലീസ് കണ്ടെത്തി. ഇതിനോടൊപ്പം ഒരു ത്രാസും കണ്ടെത്തിയിരുന്നു. ക്യാമ്പസില്‍ ഹോളി ആഘോഷം നടക്കാനിരിക്കെയായിരുന്നു പരിശോധന നടന്നത്. സംഭവത്തില്‍ ആകാശിനേയും ആദിത്യനേയും അഭിരാജിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.