‘ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാർട്ടി കാവൽ നിൽക്കുന്നു'; മുഖ്യമന്ത്രിയുടെ മൗനത്തിന്റെ അർഥമെന്താണെന്ന് കുഴൽനാടൻ

  1. Home
  2. Trending

‘ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാർട്ടി കാവൽ നിൽക്കുന്നു'; മുഖ്യമന്ത്രിയുടെ മൗനത്തിന്റെ അർഥമെന്താണെന്ന് കുഴൽനാടൻ

mathew


മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയാറാകുന്നില്ലെന്ന് കുഴൽനാടൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണെന്നും കുഴൽനാടൻ പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ടവർ മൗനം തുടരുകയാണ്. എന്താണ് ഈ മൗനത്തിന്റെ അർഥം. കഴിഞ്ഞ വർഷം ജൂൺ 28ന് അടിയന്തരപ്രമേയത്തിൽ ഞാൻ പ്രസംഗിച്ചു. അതിനുശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ, അവസാനം അദ്ദേഹം പറയുകയാണ്, മകളെക്കുറിച്ച് പറഞ്ഞാൻ ഞാൻ അങ്ങ് കിടുങ്ങി പോകുമെന്ന് കരുതിയോ എന്ന്. എന്റെ പ്രസംഗത്തിൽ എവിടെയും ഞാൻ അദ്ദേഹത്തിന്റെ മകളെ പറഞ്ഞതായി ഈ 139 പേർക്കും തോന്നിയില്ല. പക്ഷേ അദ്ദേഹത്തിനു തോന്നി. ഇപ്പോഴാണ് കാര്യം മനസ്സിലായത്. യഥാർഥത്തിൽ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു. ഞാൻ അന്നു പറഞ്ഞ കാര്യം അക്ഷരാർഥത്തിൽ പൊതുസമൂഹത്തിനു മുന്നിൽ തെളിയിച്ചു. പക്ഷേ അദ്ദേഹത്തിനു മറുപടി ഉണ്ടായില്ല.

അദ്ദേഹത്തിന്റെ മകളും മകളുടെ പേരിലുള്ള കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരിക്കുകയാണ്. ഈ കാര്യം പുറത്തുവന്നപ്പോൾ സ്വാഭാവികമായും മറുപടി ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. ഇതിനു മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ്. രണ്ടു കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറാണെന്നും മക്കൾക്ക് നിയമാനുസൃതമായി ഏതു തൊഴിലും ചെയ്യുന്നതിനു മറ്റെല്ലാ പൗരന്മാരെ പോലെ അവകാശമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കൺസൽറ്റിങ് കമ്പനി ആരംഭിച്ചതുമായിരുന്നു പ്രസ്താവന.

സിപിഎം എന്ന പാർട്ടിക്ക് ഒരു ചരിത്രവും പാരമ്പര്യവുമില്ലേ? കേവലം ഒരു സ്വകാര്യ കമ്പനിക്ക്, ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് നിങ്ങൾ കാവൽ നിൽക്കുകയാണ്. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്കു കാവൽ നിൽക്കുന്ന പാർട്ടിയായി സിപിഎം എന്ന പാർട്ടി അധഃപതിച്ചു. ടി.വീണ എന്നത് കേരളത്തിൽ അധികാരത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന ആളിന്റെ മകളാണെന്നും അതുകൊണ്ടാണ് ഈ ഇടപാട് നടത്തിയതെന്നും കണ്ടെത്തലുണ്ട്. നിങ്ങൾ പറയുന്നത് കൊടുത്ത സേവനത്തിനു നൽകിയ പണമാണെന്ന്. ഒരു സേവനവും വാങ്ങിയിട്ടില്ലെന്ന് കർത്ത തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.

ഈ 1.72 കോടി രൂപ അനധികൃത ഇടപാടാണെന്ന് പറഞ്ഞാൽ, അതിന്റെ അർഥം അഴിമതിപ്പണം ആണെന്നാണ്. ആ അഴിമതിപ്പണം ഇന്നത്തെ ദിവസം എവിടെയാണ്? മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. ഒന്നുകിൽ അദ്ദേഹത്തിന്റെ മടിയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മടിയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കിടക്കുകയാണ്. സിപിഎം എന്ന പാർട്ടി അതിനു പരിച തീർക്കുകയാണ്. ശരാശരി കമ്യൂണിസ്റ്റുകാരൻ ഇന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്.

ഇതുപോലൊരു സംഭവമുണ്ടായിട്ട്, ഇതിനെക്കുറിച്ച് ഒരു വാചകം പറയാൻ ഒരു നേതാവ് പോലും ഇല്ലല്ലോ എന്ന് ഓർത്തു സങ്കടപ്പെടുന്ന ഒരുപാട് കമ്യൂണിസ്റ്റുകാരുണ്ട്. യഥാർഥത്തിൽ സിപിഎം എന്ന പാർട്ടി കേവലം ഒരു സ്വകാര്യ കമ്പനിക്ക്, അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ നടത്തുന്ന ഈ വലിയ അഴിമതിക്കും തീവെട്ടി കൊള്ളയ്ക്കും കാവൽ നിൽക്കുന്ന ഒരു പാർട്ടിയായി അധഃപതിച്ചിരിക്കുകയാണ്. ഞങ്ങൾക്ക് ഇതു പറയാൻ മടിയില്ല, ഭയമില്ല. ഭയം നിങ്ങൾക്കാണ്. നിങ്ങളുടെ മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി പറയാൻ സിപിഎം എന്ന പാർട്ടി ഭയമാണെങ്കിൽ സാധാരണ കമ്യൂണിസ്റ്റുകാരനു വേണ്ടി ഈ ദൗത്യം ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്.’’– കുഴൽനാടൻ പറഞ്ഞു.